2026ലെ ലോകകപ്പ് വടക്കന്‍ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലായി നടക്കും

2026ലെ ലോകകപ്പ് വടക്കന്‍ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലായി നടക്കും

2026ലെ ലോകകപ്പ് വടക്കന്‍ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലായി നടക്കും. അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായാണ് അതിഥേയത്വം വഹിക്കുക. അമേരിക്കയില്‍ നടന്ന ഫിഫ അതിഥേയ യോഗത്തിലാണ് തീരുമാനം. മൊറോക്കോയെ പിന്തള്ളിയാണ് വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നേട്ടം സ്വന്തമാക്കിയത്. 

2002ന് ശേഷം ആദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2002ല്‍ കൊറിയയും ജപ്പാനും സംയുക്തമായാണ് ലോകകപ്പ് നടത്തിയത്. 1994ലാണ് ഇതിനു മുന്‍പ് ലോകകപ്പ് അമേരിക്കയില്‍ നടന്നത്. മെക്‌സിക്കോ 1970ലും 1986ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

രണ്ടാം തവണയാണ് മെക്‌സിക്കോയും അമേരിക്കയും ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകുന്നത്. കാനഡയ്ക്ക് ഇത് ആദ്യ ലോകകപ്പാണ്. . 10 വീതം മത്സരങ്ങള്‍ക്ക് കാനഡയും മെക്‌സിക്കോയും വേദിയാവും. ക്വാര്‍ട്ടര്‍ മുതലുള്ള എല്ലാ മത്സരങ്ങള്‍ക്കും അമേരിക്ക വേദിയാകും.

34 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 80 മത്സരങ്ങളുണ്ടാകും. ഇതില്‍  60 മത്സരങ്ങള്‍ യുഎസില്‍ നടക്കും. ടീമുകളുടെ പങ്കാളിത്വം കണക്കാക്കുമ്പോള്‍ ഏറ്റവും വലിയ ലോകകപ്പിനാണ് വടക്കേ അമേരിക്ക വേദിയാവുക. 48 ടീമുകളാണ് ഈ 2026 ലോകകപ്പില്‍ കളിക്കുക.