പാ​ഗ്പാ​ഗും വിശക്കുന്ന വയറുകളും

പാ​ഗ്പാ​ഗും വിശക്കുന്ന വയറുകളും

വിശക്കുന്ന വയറിനെ മെരുക്കാൻ കയ്യിൽ കിട്ടുന്നതെന്തും കഴിക്കേണ്ടി വരുന്ന ഒരു ജനതയുണ്ട്. ഭൂരിഭാ​ഗം വരുന്ന പാവപ്പെട്ടവർ അവിടെ തങ്ങളുടെ ഭക്ഷണമാക്കുന്നത് പാ​ഗ്പാ​ഗാണ്. 

ആദിമമനുഷ്യൻ ജീവിച്ച ഇടങ്ങളിലൊന്നാണ് ഫിലിപ്പീൻസ്. പലാവൻ ദ്വീപിലെ താബോൺ ഗുഹയിൽനിന്നു കണ്ടെത്തിയ ഫോസിലുകൾ 50,000 വർഷം മുമ്പു മനുഷ്യജാതി ജീവിച്ചിരുന്നതിന് തെളിവു നൽക്കുന്നു. താബോൺ മനുഷ്യൻ എന്നാണ് ആ നരവംശം അറിയപ്പെടുന്നത്. മഗല്ലന്റെ വരവിനു ശേഷം യൂറോപ്യൻമാർ രേഖപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്ത ചരിത്രത്തിനും സഹസ്രാബ്ദങ്ങൾക്കും മുമ്പ് തന്നെ തുടങ്ങുന്നതാണ് ഫിലിപ്പിയൻസിന്റെ യഥാർത്ഥ ചരിത്രം. 

. കഥകളേറെ പറയാനുണ്ടെങ്കിലും ഫിലിപ്പീൻസിലെ പാവപ്പെട്ട ജനങ്ങളുടെ പ്രധാന ആഹാരമാണ് പാ​ഗ്പാ​ഗ്. ഹോട്ടലുകളിൽ നിന്നും, മറ്റ് കടകളിൽ നിന്നും മാലിന്യ കൂമ്പാരങ്ങളിൽ കൊണ്ടുതള്ളുന്ന ഇത്തരം ഭക്ഷണ അവശിഷ്ടങ്ങൾ ശേഖരിച്ച് ജനങ്ങൾ കഴിക്കുന്നു. 

സ്കൂളുകളിൽ പോകാനാവാത്ത, അക്ഷരാഭ്യാസമില്ലാത്ത ഒരു വലിയ ജനതയാണ് ഫിലിപ്പീൻസിലുള്ളത്. അന്നന്നത്തെ ജീവിതത്തിനായി തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ഇക്കൂട്ടർക്ക് കാര്യമായൊന്നും സമ്പാദിക്കാനാകുന്നില്ല  എന്നതിനാൽ തന്നെ ഇക്കൂട്ടർ ആഹാരത്തിനായി കൂടുതലും ആശ്രയിക്കുന്നത് മറ്റുള്ളവർ ഭക്ഷിച്ച് ബാക്കി വന്ന ആഹാരമാണ്. 


പുലർച്ചെ മുതൽ മാലിന്യവണ്ടി എത്തുന്നതും കാത്ത് കുഞ്ഞുങ്ങളും, പ്രായമായവരും എല്ലാം കാത്തിരിക്കുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിക്കുന്ന ചിക്കൻ, ബർ​ഗർ തു‍ടങ്ങി ഭക്ഷ്യയോ​ഗ്യമായതെന്തും ഇവർ കഴിക്കാനായി എടുക്കുന്നു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളും, കൗമാരക്കാരുമാണ് പാ​ഗ്പാ​ഗ് ശേഖരിക്കാൻ കൂടുതലും പോകുന്നത്.

 


നന്നായി കഴുകി വൃത്തിയാക്കി, ചിക്കൻ പോലുള്ളവ വീണ്ടും വറുത്തെടുക്കുന്നു. മസാലകൾ ചേർത്ത് വീണ്ടും ഇവയെ  ഭക്ഷിക്കുന്നു. ബാക്ടീരിയകൾ നിറ‍ഞ്ഞ, ഏത് രോ​ഗവും പിടിപെടാൻ സാധ്യതയുള്ള ഇത്തരം അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ ഇവരുടെ കഷ്ടത നിറഞ്ഞ ജീവിതം ഇവരെ വീണ്ടും , വീണ്ടും പ്രേരിപ്പിക്കുന്നു.

 


പാ​ഗ്പാ​ഗുകൾ ഇവിടെ ആഹാരം മാത്രമല്ല,മറിച്ച് ജീവിക്കനായുള്ള ഒരു ബിസിനസ് കൂടിയാണ്. ശേഖരിച്ച ഇത്തരം ബാക്കിവന്ന ഭക്ഷണം നന്നായി പാകം ചെയ്തും , അല്ലാതെയും കടകളിലൂടെ വിൽപ്പന നടത്തുന്നു. 

 


അവശിഷ്ടങ്ങൾക്കിടയിൽ നിന്നു പ്രായഭേദമന്യേ ആഹാരം കഴിക്കേണ്ടി വരുന്ന ഇത്തരക്കാർ മനുഷ്യമനസാക്ഷിയെ വേദനിപ്പിക്കുന്ന കാഴ്ച്ചയാണ്. വിശപ്പെന്ന സത്യത്തിന് മുന്നിൽ മറ്റുള്ളവർ ഭക്ഷിച്ച് ബാക്കിവന്നതെങ്കിലും ഇവർ രുചിയോടെ കഴിക്കുന്നു. ഇത് നിലനിൽപ്പിനായുള്ള ഒരു ജനതയുടെ പോരാട്ടമാണ്.