ഇന്ന് അന്താരാഷ്ട്ര റേഡിയോളജി ദിനം 

ഇന്ന് അന്താരാഷ്ട്ര റേഡിയോളജി ദിനം 

ഇന്ന് നവംബര്‍ 8, രോഗനിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കുന്ന എക്‌സ്‌റേ കണ്ടുപിടിച്ച ദിനം.അന്താരാഷ്ട്ര റേഡിയോളജി ദിനമായി ഇന്ന് ആചരിച്ചു വരുന്നു.റേഡിയോളജിയുടെ പങ്ക് ഇന്ന് വളരെ വലുതാണ്.ഒരു കുഞ്ഞിന്റെ ആവിര്‍ഭാവം മുതല്‍ ഒരു മനുഷ്യന്റെ സകലരോഗങ്ങള്‍ക്കുമുളള കണ്ടുപിടുത്തവും ചികില്‍സ നിര്‍ണയവും ഇതിന്റെ ആശ്രയത്തിലാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്.നമ്മള്‍ എല്ലാവരും പലതരം രോഗങ്ങള്‍ക്ക് അടിമകളാണ്. എന്നാല്‍ ഇന്ന് ഈ രോഗങ്ങളെല്ലാം വളരെ വേഗത്തില്‍ എക്‌സറെയോ സ്‌കാനിംഗോ നടത്തി കണ്ട്പിടിക്കാവുന്നതാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെയെല്ലാം സഹായി.ആരാണ് ഈ കണ്ട് പിടുത്തത്തിന്റെ യഥാര്‍ത്ഥ ഉടമ. റേഡിയോളജി എന്ന അത്ഭുത പ്രക്രീയ പുറത്തെത്തിയിട്ട് കാലങ്ങള്‍ എത്ര പിന്നിട്ടു എന്നൊക്കെ അറിയേണ്ട.
 
റേഡിയോളജി എന്ന മഹത് കണ്ട് പിടുത്തത്തിന്റെ കഥയിലേയ്‌ക്കൊരു തിരിഞ്ഞുനോട്ടം

കഥ ഇവിടെ തുടങ്ങുകയാണ്.123 വര്‍ഷങ്ങള്‍ക്കു മുമ്പാണീ കഥ നടക്കുന്നത്. അതായത് സര്‍ വില്ല്യം റോണ്‍ജന്‍ എന്ന മഹാനായ ശാസ്ത്രജ്ഞന്‍ ഈ അത്ഭുതവികിരണം കണ്ട് ആശ്ചര്യപ്പെട്ടിട്ട് 123വര്‍ഷം പിന്നിടുന്നു എന്ന് പറയാം.അതിന്റെ സ്മരണയില്‍ എല്ലാ വര്‍ഷവും ഈ ദിവസം ലോകവികിരണശാസ്ത്രദിനമായി (അന്താരാഷ്ട്ര റേഡിയോളജി ദിനമായി) ആചരിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍ 1895 ല്‍, അതും അങ്ങ് ജര്‍മ്മനിയിലെ ഒരു ഗ്രാമത്തില്‍. വളരെ യാദൃച്ഛികമായാണ് ഇരുള്‍ നിറഞ്ഞ പരീക്ഷണശാലയില്‍ ഒരുവശത്ത് സര്‍ വില്ല്യം റോണ്‍ജന്‍  ഒരു തിളക്കം കണ്ടത്. ഇതോടെ ഇതിന്റ പൂര്‍ണ്ണതയുടെ കണ്ടുപിടുത്തത്തിനായി അദ്ദേഹം കടക്കുകയും, ഒടുവില്‍ പരിശൂന്യമായ ഒരു ഗ്ലാസ് ട്യൂബിലൂടെ (വെയ്ക്കം റ്റിയൂബ്)ഇന്‍ഡക്ഷന്‍ കോയില്‍ ഉപയോഗിച്ച് ഇലക്ട്രോമാഗ്‌നെറ്റിക് തരംഗങ്ങളുടെ ഗതിവിഗതികള്‍ പഠിക്കുകയും ചെയ്തു. പ്രകാശത്തിന്റെ ഒരു നേര്‍ത്തകണികയ്ക്ക് പോലും കടക്കാനാകാത്ത വിധം കൊട്ടിയടയ്ക്കപ്പെട്ടതായിരുന്നു ആ മുറി. പിന്നെയിതെവിടുന്നാണ് എന്ന് അദ്ദേഹം സ്വയം ചോദിച്ചു.ഒടുവില്‍ അതിലേയ്ക്കുളള അന്വേഷണം ആരംഭിച്ചു.

ഗ്ലാസ് ട്യൂബ് കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും അതിനെയും കടന്നു ചില തരംഗങ്ങള്‍ പുറത്തുവരുന്നതായിരിക്കും കാരണമെന്ന് അദ്ദേഹം അനുമാനിച്ചിരുന്നു. ഉറപ്പിക്കാനായി അദ്ദേഹം തന്റെ കൈ അതിനു പ്രതിരോധമായി വച്ചു. അദ്ദേഹത്തിന് ആശ്ചര്യം കൊണ്ട് ബോധക്ഷയമുണ്ടായില്ലെന്നേയുള്ളൂ. കയ്യുടെ മൊത്തത്തിലുള്ള നിഴലിനുപകരം ചുമരില്‍ തെളിഞ്ഞത്, കയ്യിലെ എല്ലുകളുടെ ഇരുണ്ടനിഴല്‍ചിത്രംമായിരുന്നു.

ഏതൊരു സാധാരണ ഭര്‍ത്താവിനെയും പോലെ തന്നെയായിരുന്നു അദ്ദേഹമെന്ന്് വില്ല്യം റോണ്‍ജന്റെ ഭാര്യ ബര്‍ത്ത പറഞ്ഞു.പിന്നീട് രണ്ടുപേരും ഒരുമിച്ചിരുന്നു ഈഅതിശയം കൂറി. എന്താണിതെന്ന് പരസ്പരം ചോദിച്ചു. ഇതെന്തോ അദൃശ്യമായ വികിരണമായിരിക്കുമെന്നു അദ്ദേഹം ഭാര്യയ്ക്ക് പറഞ്ഞുകൊടുത്തു. അറിഞ്ഞുകൂടാത്ത എന്തിനും 'എക്‌സ്' എന്ന് വിളിക്കണം എന്ന അലിഖിത ശാസ്ത്രനിയമം അനുസരിച്ച് അതിനെ ' എക്‌സ്‌വികിരണങ്ങള്‍ ( എക്‌സ്‌റെയ്‌സ്)' എന്ന് വിളിയ്ക്കാമെന്ന് അവര്‍ തീരുമാനിച്ചു. 

അതിനുശേഷം അദ്ദേഹം ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ് എടുത്തുകൊണ്ട് വന്ന് അത് വെളിച്ചം പതിയുന്ന സ്ഥലത്ത് വച്ചു. ബര്‍ത്തയോട് അവരുടെ കൈ അതിനുമുകളില്‍ വയ്ക്കാന്‍ പറഞ്ഞു. അങ്ങനെ ലോകത്തെ ആദ്യത്തെ  എക്‌സ്‌റെയ്‌സ് ചിത്രം ആ പരീക്ഷണശാലയില്‍ പിറവിയെടുത്തു. ബര്‍ത്തയുടെ കൈ അസ്ഥികളുടെ ഇരുളും വെളിച്ചവും ഇടകലര്‍ന്ന ഒരു നിഴല്‍ ചിത്രം. (തന്റെ കൈ അസ്ഥികള്‍ കണ്ട ബര്‍ത്ത താന്‍ മരണത്തെ നേരില്‍ കണ്ട നിമിഷമാണതെന്നു പറഞ്ഞതായും പറയുന്നുണ്ട്).

പിന്നീട്,ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ലോകത്തെ ആദ്യ എക്‌സ്‌റെ ഡിപാര്‍ട്ട്‌മെന്റ് ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ആ അത്ഭുത വികിരണങ്ങള്‍ക്ക് 'എക്‌സ്' എന്നത് മാറ്റി അദ്ദേഹത്തിന്റെ പേരുനല്‍കണമെന്ന് ശാസ്ത്രലോകം അദ്ദേഹത്തോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹം വിനീതനായി ആ ആവശ്യം നിരസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നൊരുപാടൊക്കെ അറിയാമെങ്കിലും ഒന്നും അറിയാത്തവരുടെ കൂട്ടത്തില്‍ അതിപ്പോഴും 'എക്‌സ്' റെ ആയിത്തന്നെ തുടരുകയാണ്.  1901 ല്‍ ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നോബല്‍ സമ്മാനം ഈ 'അജ്ഞാത-വികിരണങ്ങള്‍' കണ്ടെത്തിയതിന് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല,പിന്നീടങ്ങോട്ട്  ഈ 'അജ്ഞാതന്‍' തന്നെയാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ആക്‌സിലരേറ്റര്‍ ആയി മാറിയത്. എക്‌സ്‌റെ ഇല്ലാതെ വൈദ്യശാസ്ത്രത്തിനു ചിന്തിക്കാന്‍ കൂടി കഴിയില്ല. കൃത്യമായ രോഗനിര്‍ണ്ണയത്തിനും കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും എക്‌സ്‌റെ ഇല്ലാതെ പറ്റാത്ത അവസ്ഥയാണ്. ഇന്നിപ്പോള്‍ ഇത് വളര്‍ന്ന്  മാറ്റങ്ങളുടെ കണ്ട് പിടുത്തില്‍ ഏറെ മുന്‍പന്തിയില്‍ എത്തിയിരിക്കുന്നു.എല്ലുകളുടെ എക്‌സ്‌റെ, സിറ്റി സ്‌കാന്‍, വിവിധ തരം ആന്‍ജിയോഗ്രം, റേഡിയോ തെറാപി, ഫ്‌ലൂറോസ്‌കോപി അങ്ങനെ അനവധി നിരവധി കാര്യങ്ങള്‍ക്ക് എക്‌സ്‌റെ യെ ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്നു. എയര്‍പോര്‍ട്ടുകളില്‍ ലെഗ്ഗെജ് സ്‌കാന്‍ ചെയ്യുന്നതും ഈ എക്‌സ്‌വികിരണങ്ങള്‍ ഉപയോഗിച്ച് തന്നെയാണ്. പല പഴയകാല പെയിന്റ്‌റിങ്ങുകളുടെയും കാലപ്പഴക്കം നിര്‍ണ്ണയിക്കാക്കാനും എക്‌സ്‌റെ ഉപയോഗിക്കുന്നു. പിന്നെ സ്‌പെക്ട്രോസ്‌കോപി, എക്‌സ്‌റെ ക്രിസ്റ്റല്ലോഗ്രഫി, ബഹിരാകാശ ഗവേഷണം.. ഇനിയും ഉണ്ട് നിരവധി കാര്യങ്ങള്‍ക്ക് വിവധ രീതിയില്‍ സജ്ജമായിരിക്കുന്നു.ഇന്നത്തെ നമ്മുടെ ആധുനിക കാലഘട്ടത്തില്‍ റേഡിയോളജി വിഭാഗത്തിന് ഏറെ പങ്കുണ്ട്.