ശബരിമല സ്‌ത്രീ പ്രവേശനം: നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

ശബരിമല സ്‌ത്രീ പ്രവേശനം: നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ നിലപാടറിയിക്കും. 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ് നേരത്തെ നിലപാട് അറിയിച്ചിരുന്നു. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്താണ് നേരത്തെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നത്.  സ്ത്രീകളോടുള്ള വിവേചനമല്ല, വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ നിലപാട് മാറ്റാനാണ് പുതിയ തീരുമാനം. 

സുപ്രീംകോടതിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത് . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയതാണ് ബെഞ്ച്. 

അതേസമയം, ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പന്തളം രാജകുടുംബം രംഗത്ത് വന്നു. സര്‍ക്കാരിന്റെത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാണെന്നും ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടെയും നിലപാട് പരിഗണിക്കണമെന്നും രാജകുടുംബം പറഞ്ഞു. കൂടാതെ രാജകുടുംബത്തിന്റെ അഭിപ്രായത്തിനും പ്രാധാന്യം നല്‍കണമെന്നും വ്യക്താമാക്കി.