റംസാന് തുടക്കം; ഇനി വ്രതശുദ്ധിയുടെ നാളുകൾ 

റംസാന് തുടക്കം; ഇനി വ്രതശുദ്ധിയുടെ നാളുകൾ 

പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ (റമളാൻ) മാസത്തിന് തുടക്കമായി. കിഴക്കേ ചക്രവാളത്തിൽ റംസാന്റെ വരവറിയിച്ച് ചന്ദ്രൻ പുഞ്ചിരി തൂകി. ഇനി മനസ്സും ശരീരവും അല്ലാഹുവിൽ അർപ്പിച്ച് വിശ്വാസികളുടെ പ്രാർത്ഥന നാളുകൾ. ഇസ്‌ലാം മത വിശ്വാസികൾ നാളെ മുതൽ പകൽ സമയം മുഴുവൻ വൃതം (ഉപവാസം) അനുഷ്ഠിക്കും.

ഇന്ന് ചന്ദ്രോദയം മുതലാണ് റംസാൻ മാസത്തിന് തുടക്കമായത്. ഇന്ന് മുതൽ രാത്രി സമയങ്ങളിൽ പള്ളികളിലും പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലും തറാവീഹ് നമസ്‌കാരം നടക്കും. പകൽ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾ രാത്രിയോടെ പൂർണ്ണമായും പ്രാർത്ഥനയിൽ മുഴുകും. തങ്ങളുടെ രക്ഷിതാവുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള അവസരമായാണ് വിശ്വാസികൾ നോമ്പുകാലത്തെ കാണുന്നത്.

ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഗ്രന്ഥമായ ഖുർഹാൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമളാൻ. അത്‌കൊണ്ട് തന്നെ വിശ്വാസികൾ ഖുർഹാൻ പാരായണം ഈ മാസം അധികരിപ്പിക്കും. മറ്റുള്ള മാസങ്ങളെ അപേക്ഷിച്ച്  ചെയ്യുന്ന നന്മകൾക്ക് കൂടുതൽ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. അതുപോലെതന്നെ തിന്മകൾ ചെയ്യുന്നവർക്കുള്ള ശിക്ഷയുടെ തോതും വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 

വിശ്വാസികൾ കൂടുതലായി ദാനധർമങ്ങളിൽ ഏർപ്പെടുന്ന മാസം കൂടിയാണ് റംസാൻ. ഓരോ വിശ്വാസിയും തങ്ങളുടെ സ്വത്തിന്റെ നിശ്ചിത ശതമാനം ദരിദ്രരും അനാഥരുമായവർക്ക് നൽകണമെന്നാണ് ഇസ്‌ലാം മതം പറയുന്നത്. അത് ഓരോ വിശ്വാസിയിലും നിര്ബന്ധമായ കാര്യമാണ്. അത്‌കൊണ്ട് തന്നെ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്ന സമയം കൂടിയാണ് റംസാൻ.