വ്യാജ വിസകളില്‍ ആരും ഹജ്ജിനായി ഇതുവരെ എത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് സൗദി

വ്യാജ വിസകളില്‍ ആരും ഹജ്ജിനായി ഇതുവരെ എത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് സൗദി

വിദേശത്തുനിന്നെത്തിയ ഹാജിമാരില്‍ വ്യാജ വിസകളില്‍ ആരും ഇതുവരെ എത്തിയതായി കണ്ടെത്തിയിട്ടില്ല.  സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്‌യയാണ് ഇക്കാര്യം  അറിയിച്ചത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ചശേഷമാണ് സുലൈമാന്‍ അല്‍ യഹ്‌യ ഇക്കാര്യം വ്യക്തമാക്കിയത്.

മുൻ വർഷങ്ങളിൽ വ്യാജ ഹജ്ജുവിസകളിലെത്തിയ തീര്‍ത്ഥാടകരെ സൗദി പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ അങ്ങിനെ വ്യാജ വിസ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചിലര്‍ ബിസിനസ്, വിസിറ്റിംഗ് വിസകളില്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെത്തിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഹജ്ജ് നാളില്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ വിസിറ്റിംഗ് ബിസിനസ് വിസകളില്‍ വന്നിറങ്ങാന്‍ അനുമതിയില്ല. ഹജ്ജു നാളില്‍ ബിസിനസ്, വിസിറ്റിംഗ് വിസകള്‍ സാധാരണയായി നിര്‍ത്തലാക്കിയിട്ടുള്ളതാണെന്നും സുലൈമാന്‍ അല്‍ യഹ്‌യ പറഞ്ഞു.

സൗദി സ്വദേശികളില്‍ ചിലര്‍ തന്നെ അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. അത്തരക്കാരെ പിടികൂടിയാല്‍ കടുത്ത ശിക്ഷ തന്നെ നല്‍കും എന്നും അവരെ സഹായിക്കുന്നവര്‍ക്കും ശിക്ഷ നല്‍കും എന്നും സൗദി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.