എന്താണ് ദൈവശാസ്ത്രം?

എന്താണ് ദൈവശാസ്ത്രം?

ദൈവപദവി (Godhead) ചരിത്രപരമായ സംഭവങ്ങളിലൂടെ വെളിപ്പെടുത്തുകയും അവയെ ഭാഷയിലൂടെയോ ഉത്കൃഷ്ടാശയങ്ങള്‍ അടങ്ങിയ നിവേശിത ഗ്രന്ഥങ്ങളിലൂടെയോ (Inspired writings) രേഖപ്പെടുത്തുകയും ചെയ്യുന്ന ശാസ്ത്രം. ദൈവത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. എല്ലാ മതങ്ങളുടെയും അടിസ്ഥാന സാരാംശം ദൈവമാണെങ്കിലും ക്രിസ്തുമതം വിശ്വസിക്കുന്ന ദൈവത്തെക്കുറിച്ചാണ് മുഖ്യമായും ദൈവശാസ്ത്രം പ്രതിപാദിക്കുന്നത്. 'ഥെഒളോഗിയാ' എന്ന ഗ്രീക്ക് പദം ലാറ്റിനിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അത് 'തിയോളജിയ' (Theologia) എന്നായി മാറി.

മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയപ്പോഴാണ് അതിന് ദൈവശാസ്ത്രം എന്ന പേര് ലഭിച്ചത്. ദൈവത്തെയും ദൈവഗണത്തെയും സംബന്ധിച്ചുള്ള ആഖ്യാനസംബന്ധിയായ പഠനമായും ദൈവശാസ്ത്രത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. ക്രൈസ്തവരില്‍ ദൈവശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചുകാണുന്നത് എ.ഡി. 4-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഓറിജെന്‍ (Origen) എന്ന ചിന്തകന്റെ ലേഖനങ്ങളിലാണ്. കേസറിയായിലെ യൂസേബിയൂസ് (Eusebius Of Caesaria) എന്ന ചിന്തകന്റെ ലേഖനങ്ങളില്‍ ക്രൈസ്തവദൈവത്തെക്കുറിച്ചുള്ള പ്രതിപാദനം ആണ് ദൈവശാസ്ത്രം എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവരല്ലാത്ത, വിഗ്രഹാരാധനക്കാരായ മതവിഭാഗക്കാരുടെ (Pagans) ദൈവത്തെക്കുറിച്ചുള്ള പഠനം ദൈവശാസ്ത്രം അല്ലെന്നായിരുന്നു യൂസേബിയൂസിന്റെ അഭിപ്രായം. പശ്ചിമയൂറോപ്പില്‍ ദൈവശാസ്ത്രം എന്ന പദം വളരെ വിരളമായി മാത്രമേ പ്രയോഗിച്ചിരുന്നുളളൂ. അവിടെ ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ 'പവിത്രമായ വേദങ്ങള്‍' (Sacred Scripture) അഥവാ 'പവിത്രമായ അറിവ്' (Sacred Knowledge) എന്നൊക്കെ അറിയപ്പെട്ടിരുന്നു.

എ.ഡി. 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന തോമസ് അക്വിനാസ് ദൈവശാസ്ത്രത്തെ 'പരിശുദ്ധ സിദ്ധാന്തം' (Sacred Doctrine) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അതിനുംമുമ്പ് 12-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പീറ്റര്‍ അബെലാര്‍ഡ് എന്ന ചിന്തകന്‍ ക്രിസ്തുമത വിവരണത്തെ ലാറ്റിന്‍ ഭാഷയില്‍ 'തിയൊളോജിയ' (Theologia) എന്നു വിശേഷിപ്പിച്ചു. പീറ്റര്‍ അബെലാര്‍ഡിന്റെ കാലത്തിനുശേഷമാണ് ദൈവശാസ്ത്രം എന്ന പദം സാഹിത്യത്തില്‍ പ്രയോഗിച്ചുതുടങ്ങിയത്. ദൈവശാസ്ത്രം എന്നു പറയുന്നത് വിശുദ്ധപരമായ വിവേചനത്തിനു പര്യാപ്തവും (Meditation of a Sapiel kind) മനുഷ്യജീവിതത്തെ വിവരിക്കുന്നതും ആയിരിക്കണം. മനുഷ്യജീവിതം ദൈവവുമായി ഏതു വിധത്തില്‍ ബന്ധപ്പെടണമെന്ന് ദൈവശാസ്ത്രത്തിലൂടെ നിശ്ചയിക്കപ്പെടുന്നു.

ദൈവശാസ്ത്രവിശ്വാസികള്‍ അവരുടെ ആചാരവിശ്വാസങ്ങളെ, തങ്ങളുടെ ദേവാലയങ്ങള്‍ പഠിപ്പിക്കുന്നതനുസരിച്ച്, പ്രകടിപ്പിക്കുക എന്നതാണ് ദൈവശാസ്ത്രം. ഇക്കാര്യത്തിനുവേണ്ടി ദൈവശാസ്ത്രകര്‍ നിലവിലുള്ള സംസ്കാരത്തിനുതകുന്ന സകല സാധ്യതയും സ്വീകരിക്കുന്നു. ദൈവശാസ്ത്രജ്ഞര്‍ ഒന്നാമതായി ദൈവവിശ്വാസികള്‍ ആയിരിക്കണം. ദൈവം നല്കിയിട്ടുള്ള 'രഹസ്യമായതു വെളിപ്പെടുത്തുന്നതിനോട്' (revelations) അവര്‍ വിധേയത്വം പുലര്‍ത്തുന്നു. പാരമ്പര്യ വിശ്വാസങ്ങള്‍, വിശ്വാസികളുടെ ബോധ്യം, ദൈവനിശ്ചയം, ബൈബിളിന്റെ നിഗൂഢത എന്നിവയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. തന്റെ സാക്ഷ്യംവഴി ലഭിച്ച സങ്കീര്‍ണമായ വിവരങ്ങളെ വായനക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും വിശദീകരിച്ചുകൊടുക്കുവാന്‍ ദൈവശാസ്ത്രജ്ഞര്‍ തയ്യാറാകണം.

ദൈവശാസ്ത്രത്തിന് ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, രാഷ്ട്രമീമാംസ, ചരിത്രം, മനശ്ശാസ്ത്രം, തത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഉള്ളതുപോലുള്ള മൂല്യം ഉണ്ടെന്ന് ദൈവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ദൈവശാസ്ത്രം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാണെന്ന കാര്യവും ദൈവശാസ്ത്രം സംബന്ധിച്ച പ്രസിദ്ധീകരണങ്ങളും ഇതിന് ഉപോദ്ബലകമായി അവര്‍ സമര്‍ഥിക്കുന്നു. ക്രിസ്തുമതത്തെ സംബന്ധിച്ചുള്ള വകുപ്പുതിരിച്ചുള്ള വസ്തുത (Specific object) ഈ വിഷയത്തിലുണ്ട്. തങ്ങള്‍ വിശ്വസിക്കുന്ന മതപരമായ വസ്തുതകള്‍ കണ്ടുപിടിക്കുവാന്‍ യുക്തിയുക്തമായ അനുമാനങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു. ദൈവശാസ്ത്രം രചിക്കുന്നവര്‍ വാസ്തവമായ കാര്യങ്ങള്‍ മാത്രമേ പ്രതിപാദിക്കാവൂ. ഈ നിലയില്‍ നോക്കുമ്പോള്‍ മറ്റു ശാസ്ത്രവിഷയങ്ങളുമായി ദൈവശാസ്ത്രത്തെ താരതമ്യപ്പെടുത്താവുന്നതാണ്. തത്ത്വശാസ്ത്രത്തിന്റെ ഒരു ഭാഗമായി മാത്രം ദൈവശാസ്ത്രത്തെ കാണുന്നതു ശരിയല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം