വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് റോയി പുറമഠത്തിന്

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് റോയി പുറമഠത്തിന്

സൂറിച്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് പ്രമുഖ ബിസിനസുകാരനും ഗാനരചയിതാവുമായ റോയി പുറമഠത്തിന്. സ്വിറ്റസര്‍ലണ്ടിലെ റാഫ്സില്‍ വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ കേരളം പിറവി ആഘോഷത്തിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ വച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പാര്‍ലമെന്റ് മെമ്പറായ നിക് സാമുവല്‍ ഗൂഗറില്‍ നിന്നും റോയി പുറമഠം അവാര്‍ഡ് ഏറ്റുവാങ്ങി. സ്വിറ്റസര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്, വേള്‍ഡ് മലയാളീ കൗണ്‍സില്‍ സ്വിസ്സ് പ്രസിഡന്റ് ജോഷി പന്നാരകുന്നേല്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കാളികളായിരുന്നു. വിവിധ മേഖലകളിലെ മികവ് തെളിയിക്കുന്നവര്‍ക്കുള്ളതാണ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്. മൂന്നാറില്‍ സുഗന്ധ വ്യജ്ഞനവ്യാപാരത്തിലൂടെ ബിസിനസ് രംഗത്തെത്തിയ റോയി തേയില, ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെയും വ്യവസായത്തിലൂടെയാണ് മികച്ച സംരംഭകനായി മാറിയത്. കൂടാതെ ബിസിനസ് സംരംഭങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരാളാണ് ഈ ഇടുക്കി സ്വദേശി. ഒരു കലാകാരന്‍ കൂടിയായ റോയ് മലയാളസിനിമയില്‍ നൂറിലേറെ ഗാനങ്ങളുടെ രചയിതാവും കൂടിയാണ്. ഗാനഗന്ധര്‍വന്‍ യേശുദാസ്, ഉണ്ണി മേനോന്‍, ചിത്ര, ശ്രേയ ഗോഷാല്‍ എന്നീ പ്രമുഖ ഗായകര്‍ റോയിയുടെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എസ് ജാനകിയമ്മയുടെ സംഗീത ജീവിതത്തില്‍ അവസാനമായി ആലപിച്ച ഗാനത്തിന്റെ രചന നിര്‍വഹിച്ചതും ഇദ്ദേഹമാണ്. ഭാര്യ റെജിമോള്‍ റോയിയുടെ എല്ലാ സംരംഭങ്ങള്‍ക്കും പങ്കാളിയും സഹായിയുമാണ്. മക്കളായ അമലയും എയ്ഞ്ചലും പഠനത്തിലും അച്ഛന്റെ വഴിയേ സംഗീതത്തിലും മിടുക്കരാണ്.