ഏജന്റുമാര്‍ ചതിച്ചു: സൗദിയില്‍ ശമ്പളമില്ലാതെ ദുരിതത്തിലായി ഒമ്പതു മലയാളികള്‍

ഏജന്റുമാര്‍ ചതിച്ചു: സൗദിയില്‍ ശമ്പളമില്ലാതെ ദുരിതത്തിലായി ഒമ്പതു മലയാളികള്‍

റിയാദ്: ഏജന്റുമാരുടെ തട്ടിപ്പിനിരയായി സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനാകാതെ ഒമ്പത് മലയാളികള്‍. സജിമോള്‍ കെ. ജോയ്, റസിയ ബീവി, ദീപ്തി മനോഹരന്‍ നായര്‍, സിന്ധു തങ്കമ്മ, ഷിനമോള്‍ ജബ്ബാര്‍, സിമി ബീഗം, ജയ രാജന്‍, സിന്ധു ഗിരീഷ്, സൗമി യൂസഫ് എന്നിവരാണ് നാട്ടിലേക്കു മടങ്ങാനാകാതെ സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത്. മാസങ്ങളായി ഇവര്‍ക്ക് ശമ്പളവും ലഭിച്ചിട്ടില്ല. വിസ ഏജന്റുമാരുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ചു തായിഫിലെ ദേവാലയത്തില്‍ ക്ലീനിങ് ജോലിക്കെത്തിയതാണിവര്‍.


കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നുള്ള 11 പേരുടെ സംഘമായിരുന്നു ഇവര്‍. ഇവരിലൊരാളായിരുന്ന സീനത്ത് അബ്ദുറഹ്മാന്‍ സുഖമില്ലാത്തതിനാല്‍ നേരത്തെ നാട്ടിലേക്കു മടങ്ങിയിരുന്നു. ഷൈമ ഷാജഹാന്‍ ഇസ്മയില്‍ ഇവിടെത്തന്നെ തുടരാനും തീരുമാനിച്ചു. തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സ്പോണ്‍സറുമായി നടത്തിയ അനുരഞ്ജന ശ്രമം പരാജയപ്പെട്ടതോടെ ലേബര്‍കോടതിയില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണിവര്‍.

ശമ്പള കുടിശിക ലഭ്യമാക്കി നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നാണ് യുവതികളുടെ ആവശ്യം. വീസയ്ക്കായി 85,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഏജന്റുമാര്‍ ഈടാക്കിയതെന്നും ഇവര്‍ പറഞ്ഞു. സൗദിയിലെത്തി ആറു മാസമായിട്ടും കൂട്ടത്തില്‍ ഏഴു പേര്‍ക്ക് ഇഖാമ (താമസാനുമതി) ലഭിച്ചിട്ടില്ല. ഇവര്‍ക്കു നല്‍കിയ തൊഴില്‍ കരാര്‍ വ്യാജമാണെന്നു നെടുമ്പാശേരി എമിഗ്രേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കുടുംബത്തിന്റെ അവസ്ഥയോര്‍ത്തു സൗദിയിലെത്തുകയായിരുന്നെന്ന് യുവതികള്‍ പറയുന്നു.