പ്രവാസി ജീവിതം

പ്രവാസി ജീവിതം

സാങ്കേതിക വിദ്യകള്‍ വികസിക്കുകയും ആധുനിക സൗകര്യങ്ങള്‍ വളരുകയും ചെയ്തപ്പോള്‍ പ്രവാസിയുടെ ജീവിതത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിസ്സാരമല്ല.
പണ്ട്, ഒന്ന് ഫോണ്‍ ചെയ്യാന്‍ മണിക്കൂറുകളോളം നാണയത്തുട്ടുകളുമായി വരിനില്‍ക്കേണ്ടതുണ്ടായിരുന്നു. മുന്‍കൂട്ടി പറഞ്ഞുവെക്കണം ഇന്ന ദിവസം ഇന്ന സമയം വിളിക്കുമെന്ന്, പലരുടെയും വീട്ടില്‍ അന്ന് ഫോണില്ലായിരുന്നു. ഫോണുള്ള വീടുകള്‍ നന്നേ കുറവായിരുന്നു. അടുത്ത്, ഫോണുള്ള വീട്ടില്‍ ചെന്ന് കാത്തിരിക്കണം, വിളിയും പ്രതീക്ഷിച്ച്. മണിക്കൂറുകള്‍ വരി നിന്ന് ഫോണ്‍ കയ്യില്‍ കിട്ടിയാലോ ഒന്നോ രണ്ടോ വാക്കുകള്‍ സംസാരിക്കാനായേക്കാം. പിന്നെ അടുത്തൊരു ദിവസം വിളിക്കാമെന്നും പറഞ്ഞ്...എന്നാലും ആ ഒന്നോ രണ്ടോ മിനിട്ട് നീളുന്ന സംസാരം മനസ്സു നിറച്ചിരുന്നു.

അന്ന് ആശയവിനിമയത്തിന് കത്തെഴുത്തുമാത്രമായിരുന്നു ഏക മാര്‍ഗം. ആരെങ്കിലും നാട്ടില്‍ പോകുന്നെന്ന് കേട്ടാല്‍ കത്തുകെട്ടുമായി അവിടെ പാഞ്ഞെത്തും. നാട്ടില്‍ നിന്നാരെങ്കിലും വന്നെന്ന് കേട്ടാല്‍ ഒഴിവു ദിവസത്തെ കൂടിച്ചേരല്‍ ഇടങ്ങളില്‍ മണ്ടിപ്പാഞ്ഞെത്തും. ഈ ഒഴിവു ദിനങ്ങളിലെ കൂടിച്ചേരലുകളായിരുന്നു അന്ന്, പ്രവാസിയുടെ മനസ്സ് തണുപ്പിച്ചിരുന്നത്. ഓരോ നാട്ടുകാര്‍ക്കും പ്രത്യേക ഇടങ്ങളുണ്ടായിരുന്നു. നാട്ടില്‍ നിന്നും വന്നവര്‍ അക്കൂട്ടത്തിലുണ്ടാവും. കത്തുകെട്ടുകളും ഫോട്ടോ ആല്‍ബങ്ങളും നാട്ടിലെ വിശേഷങ്ങളും കൈമാറുന്നത് ആ കൂടിച്ചേരലുകളിലൂടെയായിരുന്നു. കയ്യില്‍ കിട്ടിയ കത്തുകള്‍ പിന്നെയും പിന്നെയും വായിച്ച് കണ്ണീര്‍വാര്‍ത്ത് മനസ്സിനെ തണുപ്പിക്കാന്‍ പാടുപെട്ട ദിനങ്ങള്‍ ഓര്‍ത്തെടുക്കാനില്ലാത്ത പ്രവാസികളുണ്ടാവില്ല. പിന്നെ, കുഴല്‍ വിളികളുടെ കാലം. അതൊരാശ്വാസം തന്നെയായിരുന്നു, സാധാരണക്കാരായ പ്രവാസികള്‍ക്ക്.

വളരെ പെട്ടെന്നാണല്ലോ മെബൈല്‍ ഫോണ്‍ വ്യാപകമാവുന്നത്.ഇപ്പോള്‍ എല്ലാരുടെ കയ്യിലും ഫോണായി. ഒന്നല്ല, രണ്ടും മൂന്നും കണക്ഷനില്ലാത്തവര്‍ വിരളം, ഇവിടെയും നാട്ടിലും. എല്‍ കെ ജിയില്‍ പഠിക്കുന്ന കൊച്ചുമകനു വരെ സ്വന്തമായി ഫോണുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനും വ്യാപകമായി. കണ്ടും കാണാതെയും മണിക്കൂറുകളോളം സംസാരിക്കാന്‍ ഇന്റര്‍നെറ്റിന്റെ സൗകര്യത്തോടെ ഇന്ന് കഴിയുന്നുണ്ട്. ആശയവിനിമയം ഇന്നൊരു പ്രശ്നമല്ല.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വ്യാപകമായതോടെ പ്രവാസിയുടെ വിരസജീവിതത്തിന് ചെറിയൊരു ആശ്വാസമാവുന്നുണ്ട്.  ഏതു നേരത്തും എത്രസമയവും ആരുമായും സംസാരിക്കാന്‍ കഴിയുകയും, വീട്ടിലെയും നാട്ടിലെയും വിവരങ്ങള്‍ തല്‍സമയം അറിയാന്‍ കഴിയുകയും ചെയ്യുന്നത് പ്രവാസിയെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസം തന്നെയാണ്. മാതാപിതാക്കളുമായും ഭാര്യാ -സന്താനങ്ങളുമായും സംസാരിക്കാനാവുന്നതിലൂടെ ലഭിക്കുന്ന മാനസിക ഉണര്‍വും ആശ്വാസവും വിവരണാധീതമാണ്. ഇന്‍ര്‍നെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നവര്‍ക്ക്, അവരെ കണ്ടു തന്നെ സംസാരിക്കാനാവുമ്പോള്‍ വിരഹത്തിന്റെ അകലം കുറയുക മാത്രമല്ല, പ്രവാസത്തിന്റെ വിരസത അകലുകയുമാണ് ചെയ്യുന്നത്.

എന്നാല്‍, ആധുനിക സാങ്കേതികവിദ്യകളുടെ വളര്‍ച്ചയും വികാസവും മറ്റേതൊരു തലത്തിലുമെന്ന പോലെ പ്രവാസിയുടെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഗുണപരമായി മാത്രമാണോ ഇടപെട്ടു കൊണ്ടിരിക്കുന്നത് എന്നുള്ള അന്വേഷണത്തിന് മുതിര്‍ന്നാല്‍ തികച്ചും നിരാശനല്‍കുന്ന ഉത്തരങ്ങളാവും നമുക്ക് ലഭിക്കുക. 

കണ്ണീരിന്റെ നനവുള്ള കുറെ കത്തുകളും അവളുടെ മണമുള്ള കുറേ ഓര്‍മകളും സാന്ത്വനമായി കൂട്ടിനുണ്ടായിരുന്നു പഴയ പ്രാവാസിക്ക്. മാസങ്ങള്‍ കാത്തിരുന്ന് കിട്ടുന്ന കത്തില്‍ അവളുടെ ഹൃദയം പകുത്ത് വെച്ചിരുന്നു, അവള്‍. മറുപടിക്കത്തിലും അവന്‍ പൊതിഞ്ഞുകെട്ടി നല്‍കിയിരുന്നത് അവന്റെ ഹൃദയമായിരുന്നു. ആ കവറുകളില്‍ പടര്‍ന്ന കണ്ണീരുകള്‍ അവരുടെ സ്നേഹബന്ധം ഊഷ്മളമാക്കി. ഫോണ്‍വിളികള്‍ വര്‍ധിക്കുകയും കത്തെഴുത്ത് നിലക്കുകയും ചെയ്തപ്പോള്‍ നഷ്ടപ്പെട്ടത് ഈ ഹൃദയക്കൈമാറ്റമാണ്. ദിവസവും മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചിട്ടും മാനസികമായി പരസ്പരം ആശ്വാസമാകാന്‍ കഴിയാതെ പോകുന്നതെന്ത് കൊണ്ടാണ്. കത്തുകളിലുണ്ടാവുന്ന തുറന്നെഴുത്തുകള്‍ പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനും അതുവഴി പരസ്പരം സാന്ത്വനമാകാനും കഴിഞ്ഞിരുന്നു, അന്ന്. എന്നാലിന്ന് ഫോണ്‍വിളികള്‍ പലപ്പോഴും വിരസമായിത്തീരുന്നുണ്ട്, ചിലര്‍ക്കെങ്കിലും. പരാതികളും പരിഭവങ്ങള്‍ക്കുമപ്പുറം വികാര വിചാരങ്ങളുടെ കൈമാറ്റം ഇന്ന് നടക്കുന്നില്ല. അതിന്റെ പ്രതിഫലനങ്ങളാണിന്ന് പ്രവാസിയുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും നാം കണ്ടുകൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങള്‍.

പ്രവാസിയുടെ വിരസമായ ദിനങ്ങളില്‍ സ്വാഭാവികമായും ഉണ്ടാവുന്ന മാനസിക തളര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലാശ്വാസം തേടി ഇന്റര്‍നെറ്റിന്റെ സാധ്യതകളില്‍ വിഹരിക്കാനിറങ്ങുന്നവരും കുറവല്ല. ചാറ്റ് റൂമുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും സ്ത്രീ സൗഹൃദം അന്വേഷിച്ച് അവര്‍ നടക്കുന്നു. അശ്ലീല സൈറ്റുകളില്‍ ചുറ്റിത്തിരിയുകയും സൈബര്‍സെക്സിന് അടിമപ്പെടുകയും ചെയ്യുന്നവരും കുറവല്ലെന്നതാണ് യാഥാര്‍ഥ്യം. സ്ത്രീ സൗഹൃദവും തെരഞ്ഞ് നടന്ന് ചതിയില്‍പെട്ടവരും കുറവല്ല. ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ പ്രവാസിയുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല, കുടുംബ ജീവിതത്തിലും അസ്വാരസ്യങ്ങളുണ്ടാക്കിയേക്കാം.
ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ക്രിയാത്മകവും സര്‍ഗാത്മകവുമായി ഉപയോഗപ്പെടുത്തി പ്രവാസത്തെ ധന്യമാക്കുന്നവരും ഇല്ലാതില്ല. സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ അത്തരമാളുകളുടെ സാന്നിധ്യം നമുക്ക് കണ്ടെടുക്കാനാവും. അര്‍ഥവത്തായ രീതിയില്‍ ബ്ലോഗിംഗ് നടത്തുന്നവരും ഏറെയും പ്രവാസികള്‍തന്നെയാണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചുകൊണ്ടല്ല, ഈ പതംപറച്ചില്‍. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റിന്റെ സാധ്യതകളെക്കുറിച്ചുള്ള അറിവില്ലായ്മയും വിരസതയും വിരഹവും തീര്‍ത്ത ഏകാന്തതയും ഈ വഴിവിട്ട ബ്രൗസിംഗിന് പ്രചോദിപ്പിക്കുന്നുണ്ട്, പലരെയും.