ദുബായില്‍ സെയില്‍സ്മാന്റെ ശ്രദ്ധതിരിച്ച് ദമ്പതിമാര്‍ 60 ലക്ഷത്തിന്റെ വജ്രാഭരണം മോഷ്ടിച്ചു: മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്തു

ദുബായില്‍ സെയില്‍സ്മാന്റെ ശ്രദ്ധതിരിച്ച് ദമ്പതിമാര്‍ 60 ലക്ഷത്തിന്റെ വജ്രാഭരണം മോഷ്ടിച്ചു: മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്തു

ദുബായ്: ദുബായിലെ ജ്വല്ലറിയില്‍ നിന്ന് 60 ലക്ഷത്തിന്റെ വജ്രാഭരണം മോഷ്ടിച്ച ഏഷ്യന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഇന്ത്യയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദുബായ് നൈഫിലെ നൈഫിലെ ജ്വല്ലറിയില്‍ നിന്നാണ് ഇവര്‍ വജ്രം മോഷ്ടിച്ചത്. നാല്‍പ്പത് വയസ്സു തോന്നുന്ന ദമ്പതിമാര്‍ ജ്വല്ലറിയിലെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തിയത്. യുവാവ് സെയില്‍സ്മാനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ യുവതി വജ്രം ജാക്കറ്റില്‍ ഒളിപ്പിച്ച് പുറത്തുകടത്തുകയായിരുന്നു.

മോഷണം നടന്ന അന്നുതന്നെ ഇരുവരും രാജ്യംവിടുകയും ചെയ്തു. മുംബൈ വഴി ഹോങ്കോംങിലേക്ക് പോകാനായിരുന്നു ഇരുവരും പദ്ധതിയിട്ടത്. ഇന്ത്യന്‍ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ മുംബൈയില്‍ നിന്നും ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വജ്രം യുവതി വിഴുങ്ങുകയായിരുന്നു. എക്സ്റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ വജ്രമുണ്ടെന്ന് തെളിയുകയും ചെയ്തു.മോഷണം നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. സ്മാര്‍ട്ട് ഡാറ്റാ അനാലിസിസ് സെന്ററിന്റെ സഹായത്തോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികളെ കണ്ടെത്തി പിടികൂടാന്‍ സാധിച്ചതെന്ന് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍മറി പറഞ്ഞു.