രാഹുല്‍ ഗാന്ധിയുടെ യുഎഇ പര്യടനത്തിന്റെ വിജയത്തിനായി കൂട്ടത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗള്‍ഫിലേക്ക്

രാഹുല്‍ ഗാന്ധിയുടെ യുഎഇ പര്യടനത്തിന്റെ വിജയത്തിനായി കൂട്ടത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗള്‍ഫിലേക്ക്

ദുബായ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം വിജയിപ്പിക്കാനായി കോണ്‍ഗ്രസ് കേരളാ നേതാക്കള്‍ കൂട്ടത്തോടെ ഗള്‍ഫിലേക്ക് പോകാനൊരുങ്ങുന്നു. ഈ മാസം 11,12 എന്നീ തീയതികളിലാണ് രാഹുലിന്റെ യുഎഇ സന്ദര്‍ശനം. എഐസിസി സെക്രട്ടറി ഹിമാന്‍ഷ് വ്യാസു കഴിഞ്ഞ പത്തു ദിവസത്തോളമായി ദുബായില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയാണ്.

കേരളത്തില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ നേതാക്കള്‍ എത്തിച്ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി. പ്രചാരണസമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ ഇതിനോടകം എത്തിക്കഴിഞ്ഞു. രാഹുലിന്റെ സന്ദര്‍ശനത്തിന് പുറമെ കോണ്‍ഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കുകയെന്ന ലക്ഷ്യവും നേതാക്കളുടെ സന്ദര്‍ശനത്തിനു പിന്നിലുണ്ട്.

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ യുഎഇയിലെത്തുമ്പോള്‍ സന്ദര്‍ശനം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പാര്‍ട്ടി അനുഭാവികള്‍. ഈ മാസം 11ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷത്തിലേറെപ്പേരെ പങ്കെടുപ്പിച്ച്‌കൊണ്ട് കരുത്തുതെളിയിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. യു.എ.ഇയിലെ എമിറേറ്റുകളിലെല്ലാം വന്‍ പങ്കാളിത്തമുള്ള സ്വാഗതസംഘ യോഗങ്ങളും പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും നടക്കുന്നുണ്ട്.