കണ്ണൂരിലും തിരുവല്ലയിലും സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടി

കണ്ണൂരിലും തിരുവല്ലയിലും സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടി

തിരുവനന്തപുരം: കണ്ണൂരിലും തിരുവല്ലയിലും സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടി. കണ്ണൂർ അഴീക്കോട് വെള്ളക്കൽ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ നിഖിലിനാണ് വെട്ടേറ്റത്. സിപിഎം പ്രവർത്തകർക്കു നേരെ ബോംബേറുണ്ടായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനു പരുക്കേറ്റു. തിരുവല്ലയിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകൻ വെൺപാല സ്വദേശി ജോർജ് ജോസഫിനു വെട്ടേറ്റു.

കഴിഞ്ഞദിവസം തിരുവനന്തപുരം നഗരസഭയിലുണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണു ഞായറാഴ്ച വൈകിട്ട് നഗരത്തിൽ നടന്നത്. മേയർ വി.കെ.പ്രശാന്തിനെ ബിജെപി കൗൺസിലർമാർ ആക്രമിച്ചതിൽ പ്രതിഷേധിച്ചു സിപിഎം പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ കൊടിമരം തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ഈ സംഘർഷത്തിലാണു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റത്.

തലസ്ഥാനത്തെ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. പൊലീസിനെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. തലസ്ഥാനത്തെ അക്രമം നേരിടുന്നതിൽ പൊലീസിനു വീഴ്ച പറ്റി. പൊലീസിന്റെ സാന്നിധ്യത്തിലാണു ബിജെപി അക്രമം അഴിച്ചുവിട്ടത്. നേതൃത്വത്തിന്റെ അറിവോടെ രാഷ്ട്രീയ മുതലെടുപ്പിനാണു ബിജെപി ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.