മലേഷ്യയിലെ സ്‌കൂളില്‍ തീപിടിച്ച് 24 പേര്‍ വെന്തു മരിച്ചു

മലേഷ്യയിലെ സ്‌കൂളില്‍ തീപിടിച്ച് 24 പേര്‍ വെന്തു മരിച്ചു

ക്വാലാലംപുര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരില്‍ സ്‌കൂളിന് തീപിടിച്ച് കുട്ടികളടക്കം 24 പേര്‍ വെന്തു മരിച്ചു. ദാറുല്‍ ഖുറാന്‍ ഇത്തിഫഖിയ തഹ്ഫീസ് സ്‌കൂളില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

പുലര്‍ച്ചെ 5.30നോടടുത്ത് രക്ഷാ പ്രവര്‍ത്തകര്‍ സംവസ്ഥലത്തെത്തുമ്പോള്‍ കെട്ടിടത്തെ മുഴുവന്‍ തീമൂടിയിരുന്നു. തീപിടിച്ച മുറിയിലെ ഏക വാതിലിനെ തീ വിഴുങ്ങിയതിനാല്‍ പുറത്തേക്ക് വഴിയില്ലാതെ കുട്ടികളും അധ്യാപകരും മുറിക്കുള്ളില്‍ കുടുങ്ങിയതാണ് ദുരന്തത്തിന്റ തെീവ്രത കൂട്ടിയത്.

തീയണച്ച രക്ഷാ പ്രവര്‍ത്തകര്‍ മുറിക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ മൃതദേഹങ്ങളെല്ലാം മൂലയ്ക്ക് കൂട്ടിയിട്ടപോലെ കിടക്കുകയായിരുന്നു. ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 13നും 17നും പ്രായമധ്യേയുള്ളവരായിരുന്നു മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും.

മതപഠനകേന്ദ്രത്തിന്റെ രണ്ടാം നിലയിലായിരുന്നു അപകടമുണ്ടായത്. അഗ്നിബാധയുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള പ്രത്യേക ഗോവണിയുണ്ടായിരുന്നെങ്കിലും നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഗോവണിയിലേക്കുള്ള ഇടങ്ങളിലെല്ലാം തടസ്സങ്ങളായിരുന്നു.കുട്ടികളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.