ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവച്ചു

 ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവച്ചു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് 14 കരാറുകളില്‍ ഒപ്പുവച്ചത്. റാഫേല്‍ വിമാന ഇടപാടില്‍ അഴിമതി ആരോപിച്ചു പ്രതിപക്ഷം രൂക്ഷ വിമര്‍ശനം തുടരുന്നതിനിടെയാണ് പ്രതിരോധ രംഗത്തുള്‍പ്പെടെ കരാറുകളില്‍ ഒപ്പുവെച്ചത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപ മേഖലകളിലൂന്നിയുള്ളതാണു കരാറുകളെല്ലാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ് എന്നിവര്‍ ചേര്‍ന്നു രാഷ്ട്രപതി ഭവനില്‍ മക്രോയ്ക്കും ഭാര്യ മേരി ക്ലോഡ് മക്രോയ്ക്കും നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനുശേഷമായിരുന്നു ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും മാധ്യമങ്ങള്‍ക്കു മുന്നില്‍ സംയുക്ത പ്രസ്താവന നടത്തി.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണു മക്രോ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു സന്ദര്‍ശനം. 

ലോകത്തിലെ ഏറ്റവും കരുത്തരായ രണ്ടു സ്വതന്ത്ര രാജ്യങ്ങളാണ് ഫ്രാന്‍സും ഇന്ത്യയുമെന്നു മക്രോയ്‌ക്കൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി ചൂണ്ടിക്കാട്ടി. സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ ഫ്രാ!ന്‍സിന്റെ മാത്രമല്ല, ഇന്ത്യയുടെയും ഭരണഘടനയില്‍ ആലേഖനം ചെയ്തിരിക്കുന്നതാണെന്നും മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപരമായ സഹകരണത്തിന് ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി. പ്രതിരോധ രംഗത്ത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി സഹകരിച്ചു നിക്ഷേപം നടത്തുന്നതിനു ഫ്രഞ്ച് കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു സ്വാഗതം ചെയ്തു.അതേ സമയം പ്രതിരോധ രംഗത്തെ ഇരു രാജ്യങ്ങളുടേയും സഹകരണത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒട്ടോറെ പ്രത്യേകതകളുണ്ടെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞുഭീകരവാദവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ചു പോരാടുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.