ജോസഫൈനെതിരെ വധ ഭീഷണി : പ്രത്യേക  അന്വേഷണം നടത്തണമെന്ന് വി എസ്  അച്യുതാനന്ദന്‍

ജോസഫൈനെതിരെ വധ ഭീഷണി : പ്രത്യേക  അന്വേഷണം നടത്തണമെന്ന് വി എസ്  അച്യുതാനന്ദന്‍

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരായ ഭീഷണി ഗുരുതര സംഭവമെന്ന് വി എസ് അച്യുതാനന്ദന്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്നും വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ചെയര്‍മാനെതിരെ നിരന്തരം ഭീഷണി സന്ദേശങ്ങളും മനുഷ്യവിസര്‍ജ്യമടക്കമുള്ള പാഴ്‌സലുകളും അയക്കുന്നതിനു പിന്നിലെ വ്യക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുക എന്ന ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ വനിതാ കമ്മീഷന് കഴിയാതെ വരുന്നത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടാണ് ജോസഫൈന്‍ സ്വീകരിച്ചത്. പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കത്തുകള്‍ വന്നതെന്ന് ജോസഫൈന്‍ പറഞ്ഞിരുന്നു.  ഭീഷണി ഉയര്‍ന്നതുകൊണ്ട് തളരില്ലെന്നും ശക്തമായിത്തന്നെ മുന്നോട്ട് പോകുമെന്നും ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.