കോടതിയലക്ഷ്യക്കേസ് :ഷൈനാമോള്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷിച്ചു

കോടതിയലക്ഷ്യക്കേസ് :ഷൈനാമോള്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷിച്ചു

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ വാട്ടര്‍ അതോറിറ്റി എം.ഡി എ.ഷൈനാമോള്‍ ഹൈക്കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചു. തുടര്‍ന്ന് ഷൈനാമോള്‍ക്കെതിരായ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു. ചെന്നൈ ആസ്ഥാനമായ ഇഎസ്‌ഐഎല്‍ എന്ന കമ്പനിയാണ് ജല അതോറിറ്റിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഈ മാസം 15ന് ഷൈനാമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

ജലവിതരണ പദ്ധതിയുടെ കരാറുകാരായിരുന്ന ചെന്നൈയിലെ എഞ്ചിനീയറിംഗ് പ്രോഡക്ട്‌സ് ഇന്ത്യ ലിമിറ്റഡിന് ചേമ്പര്‍ ചെലവ് പുതുക്കി നിശ്ചയിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിച്ചില്ലെന്ന് കാണിച്ച് കമ്പനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു ഷൈനമോളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ശ്രീനേഷ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്

വര്‍ധിച്ച ചെലവ് കണക്കിലെടുത്ത് കരാറുകാര്‍ക്ക് ലേബര്‍ കൂലി പുതുക്കി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജല അതോറിറ്റിയുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. എന്നാല്‍, ലേബര്‍ ചെലവ് പുതുക്കി നല്‍കാമെന്ന് കമ്പനിയുമായുള്ള കരാറില്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജല അതോറിറ്റി എം.ഡി ഈ ആവശ്യം വീണ്ടും നിരസിച്ചു. തുടര്‍ന്നാണ് കമ്പനി മാനേജര്‍ ശ്രീനേഷ് കോടതിയെ സമീപിച്ചത്.