വാർത്തകള്‍ അടിസ്ഥാന രഹിതം; ശബരിമലയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് തൃപ്തി ദേശായി

വാർത്തകള്‍ അടിസ്ഥാന രഹിതം; ശബരിമലയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് തൃപ്തി ദേശായി

പൂനെ: ശബരിമലയിലേക്ക് താൻ കേരളത്തിലേക്ക്  യാത്ര തിരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി. ഗൂഢ ഉദ്ദേശത്തോടെ ആരൊക്കെയോ നടത്തുന്ന വ്യാജ പ്രചാരണങ്ങളാണ് ഇവ. ഈ സീസണില്‍ മല കയറുന്ന കാര്യം അജണ്ടയിലേ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പരത്തി കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍ എന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

താൻ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദർശിച്ച് മടങ്ങിക്കഴിഞ്ഞാൽ മാത്രമേ ആളുകൾ വാർത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പറഞ്ഞു. 

മറ്റുപ്രചാരണങ്ങൾ ഗൂഡ ഉദ്ദേശത്തോടെയെന്നും തൃപ്തി പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു.  ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നതായിരുന്നു തന്റെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡിന്റെ ആവശ്യം. 10 നും 50 നും ഇടയില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതോടെ സംഘടന ഉയര്‍ത്തിയ ആവശ്യം നടപ്പിലായിക്കഴിഞ്ഞു. ഇനി ജനുവരി 22 ന് കോടതി പുറപ്പെടുവിക്കുന്ന വിധി അനുസരിച്ചാവും സംഘടന ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുന്നത്.