ടോള്‍ പ്ലാസയിലെ തട്ടിപ്പുകള്‍

webdesk-387-fjdew-maya
ടോള്‍ പ്ലാസയിലെ തട്ടിപ്പുകള്‍

തിരുവനന്തപുരം : കൊച്ചിയില്‍ മാത്രമല്ല ഇങ്ങ് തിരുവനന്തപുരത്തും കാര്യങ്ങള്‍ ഒന്നും വ്യത്യസ്തമല്ല. ടോള്‍ പ്ലാസയിലെ പിരിവിനെക്കുറിച്ച് കൊച്ചിയില്‍ നിന്ന് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കണ്ടപ്പോഴാണ് ഇവിടെയും കാര്യങ്ങള്‍ അങ്ങനെയൊക്കെ തന്നെയാണല്ലോ എന്നോര്‍ത്തത്.

  വിമാനത്താവള റോഡില്‍ ആക്കൂളം പാലത്തിനടുത്തുളള ടോള്‍ പിരിവില്‍ ദിവസവും വന്‍ തുകകളുടെ തട്ടിപ്പാണ് നടക്കുന്നത്. ഒറ്റവശത്തേക്ക് മാത്രം പോകുന്ന യാത്രക്കാര്‍ അഞ്ച് രൂപ നല്‍കിയാല്‍ ബില്ല് പോലും കൊടുക്കാറില്ല ഈ കാട്ടു കളളന്‍മാര്‍. അത് എങ്ങോട്ട് പോകുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പിന്നെ ബാക്കിയുടെ കാര്യം പറയാനുമില്ല. ഇരു വശത്തേക്കുമുളള യാത്രയ്ക്കാണെങ്കില്‍ എട്ട് രൂപയാണ് ചാര്‍ജ്. പത്ത് രൂപ നോട്ട് നല്‍കിയാല്‍ ചുരുട്ടിക്കൂട്ടി ബില്ല് നല്‍കും. ഇതിനൊപ്പം ബാക്കിയുണ്ടാകുമെന്ന് നമ്മള്‍ കരുതിയാല്‍ നമ്മള്‍ക്ക് ഉച്ചക്കിറുക്കാണെന്ന് തന്നെ പറയേണ്ടി വരും. ചുരുട്ടിക്കൂട്ടിയ ബില്ലില്‍ അമ്പത് പൈസയുടെ മറ്റോ മിഠായി. ഏതായാലും ടോള്‍ പ്ലാസയില്‍ നടക്കുന്ന ഈ വന്‍ തട്ടിപ്പുകളുടെ ആഴവും പരപ്പും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കരുത്. അതോ ഇതിന്റെയെല്ലാം വീതം അവിടെയും എത്തുന്നുണ്ടാകുമോ. ? അങ്ങനെ വേണം കരുതാന്‍ അല്ലെങ്കില്‍ വര്‍ഷങ്ങളായി നടക്കുന്ന ഈ പകല്‍ക്കൊളള ഇങ്ങനെ അനുസ്യൂതം തുടരുമോ. ?