തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനം :  കാനം രാജേന്ദ്രന്‍

തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനം :  കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐയില്‍ തര്‍ക്കങ്ങളില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എല്‍ഡിഎഫ് യോഗത്തിലെ തീരുമാനമാണ് നടപ്പിലാക്കിയത്. കാബിനറ്റ് യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചിട്ടില്ല. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുയായിരുന്നു അദ്ദേഹം.

പാര്‍ട്ടി തീരുമാനപ്രകാരമാണ് മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. കെ.ഇ.ഇസ്മയില്‍ മറിച്ച് പറഞ്ഞത് എന്തുകൊണ്ടാണെന്നും അറിയില്ല. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് ഇസ്മയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി മര്യാദ എന്ന് പറയുന്നവര്‍ അത് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎമ്മും സിപിഐയും. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയായിരുന്നു സിപിഐഎം- സിപിെഎ ഭിന്നത ഉടലെടുത്തത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ കാനം രാജേന്ദ്രന്‍  സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും.

 സിപിഐയില്‍ ഭിന്നതയില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. കെ.ഇ.ഇസ്മായില്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. പാര്‍ട്ടി സെക്രട്ടറിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്തവനയോട് പ്രതികരിക്കവേ എന്താണ് മുന്നണി മര്യാദയെന്ന് എല്ലാവരും ചിന്തിക്കണമെന്നും കാനം പ്രതികരിച്ചു.