തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. നിലവില്‍ മൂന്ന് വര്‍ഷമാണ് ദേവസ്വം ബോര്‍ഡിന്റെ കാലാവധി.രണ്ടുവര്‍ഷമാക്കി കുറയ്ക്കാനാണ് തീരുമാനം

പ്രയാര്‍ ഗോപാലകൃഷ്ണ്‍ ചെയര്‍മാനായുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നാളെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ കാലാവധി വെട്ടിക്കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഇടതുമന്ത്രിസഭ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്.1950ലെ തിരുവിതാംകൂര്‍ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

അതേസമയം, സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ ബോര്‍ഡംഗം അജയ് തറയില്‍ രംഗത്തെത്തി. ദേവസ്വം ബോര്‍ഡിനോട് സര്‍ക്കാരിന് രാഷ്ട്രീയവൈരമാണെന്ന് അജയ് തറയില്‍ കുറ്റപ്പെടുത്തി. ഭക്തരും പൊതുസമൂഹവും ഇതിനെ ഗൗരവമായി കാണുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് പ്രയാര്‍ ഗോപാലകൃഷ്ണനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിമയിച്ചത്. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ ഇവര്‍ സ്ഥാനമൊഴിയേണ്ടിവരും. 

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിക്കാനും ഹിന്ദുമത സ്ഥാപന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുമുള്ളതാണ്‌ ഓര്‍ഡിനന്‍സ്.മന്ത്രിസഭ പാസ്സാക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചു.