പ്രളയത്തെ അതിജീവിച്ച കേരളത്തിന് കൈത്താങ്ങായി എത്തിയവര്‍ ആരൊക്കെയായിരുന്നു? ലോകത്തിന്റെ നനാമുഖത്ത് നിന്നും കേരളത്തിന്‌ ഇതുവരെ ലഭിച്ച സാമ്പത്തിക സഹായത്തിന്‍റെ കണക്കുകള്‍ ഇങ്ങനെയാണ്

പ്രളയത്തെ അതിജീവിച്ച കേരളത്തിന് കൈത്താങ്ങായി എത്തിയവര്‍ ആരൊക്കെയായിരുന്നു? ലോകത്തിന്റെ നനാമുഖത്ത് നിന്നും കേരളത്തിന്‌ ഇതുവരെ ലഭിച്ച സാമ്പത്തിക സഹായത്തിന്‍റെ കണക്കുകള്‍ ഇങ്ങനെയാണ്


മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി രൂപയെന്ന് കണക്കുകള്‍. മഹാപ്രളയത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര സഹായമാണ് ഏവരും ചെയ്യുന്നത്. 160 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയാണിത്. വിദേശ രാജ്യങ്ങള്‍, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ധനസഹായം ലഭിക്കുന്നുണ്ട്. അര്‍ഹരായവരുടെ കൈകളില്‍ തന്നെ ധനസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പ്രളയം വിതച്ചതിന് പിന്നാലെ ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിച്ച് തുടങ്ങിയത്. ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ക്ക് ആദായ നികുതി ഒഴിവാക്കിയിട്ടുണ്ട്.


പ്രളയദുരന്തത്തില്‍പ്പെട്ട സംസ്ഥാനത്തെ സഹായിക്കാന്‍ യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നും അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍, കായിക താരങ്ങള്‍, സിനിമാ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, കലാ-സാംസ്‌കാരിക രംഗത്തെ വിവിധയാളുകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ പ്രദേശത്തിലുളളവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്.

സംഘപരിവാര്‍ ആഭിമുഖ്യമുളള ഐടി സെല്ലില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കേരളത്തിലെ മുന്‍ ബിജെപി പ്രസിഡന്റ്, നിലവിലെ ബിജെപി എംഎല്‍എ എന്നിവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിജെപി എംഎല്‍എ ആയ ഒ രാജഗോപാല്‍ ഒരു മാസത്തെ ശമ്പളം നല്‍കിയിരുന്നു. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപയും ആദ്യ ഘട്ടത്തില്‍ തന്നെ സംഭാവനയായി നല്‍കി.

പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന്റെ പുനരധിവാസ, പുനര്‍നിര്‍മാണ കാര്യങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേന 20 കോടി രൂപ സംഭാവന നല്‍കി. ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറി.
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. 


പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി തമിഴ്‌നാട് മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും. സണ്‍ടിവി ചാനല്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നടന്‍ വിജയ് സേതുപതി ഇരുപത്തഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. ധനുഷ്, സൂര്യ, കാര്‍ത്തി, രോഹിണി, ശിവകാര്‍ത്തികേയന്‍ എന്നിവരും കേരളത്തിന്റെ പ്രളയ ദുരിതത്തില്‍ സഹായവുമായി എത്തിച്ചേര്‍ന്നിരുന്നു. നടന്‍ സിദ്ധാര്‍ത്ഥ് കേരള ഡൊണേഷന്‍ ചലഞ്ച് എന്ന പേരില്‍ ഫേസ്ബുക്ക് ചലഞ്ച് ആരംഭിച്ചിരുന്നു. കേരളത്തിലെ ദുരിതാശ്വാസത്തില്‍ മറ്റുള്ളവരും പങ്കാളികളാകണമെന്ന അഭ്യര്‍ത്ഥനയുമായിട്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ഹാഷ്ടാ?ഗ് ചലഞ്ച്. വിജയ് ടിവി ഇരുപത്തഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കി. മലയാളം ഫിലിം അസോസിയേഷന്‍ പത്ത് കോടിയാണ് നല്‍കിയത്. നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു.

തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യ, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 25 ലക്ഷം രൂപയും അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം 5 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഈ തുകക്കുള്ള ചെക്ക് നടന്‍ കാര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

തെലുങ്ക് നടന്‍ വിജയ് ദേവാരക്കൊണ്ട അഞ്ച് ലക്ഷം രൂപയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യ്തു. കേരളം പ്രളയദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും അവസ്ഥ മോശമാണെന്നും മനസ്സിലാവുന്നു. കേരളം എന്റെ അവധിക്കാല കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ വരാറുണ്ട്. എന്റെ സിനിമകളോടും സ്നേഹം കാണിക്കുന്നവരാണ് മലയാളികള്‍. ജീവിതത്തില്‍ കണ്ടുമുട്ടിയ അനേകം നല്ല മനുഷ്യരെ കേരളത്തില്‍ നിന്നാണ് ഞാന്‍ പരിചയപ്പെട്ടത്. ഈ ദുരിതകാലത്ത് വ്യക്തിപരമായി എങ്ങനെ ഇടപെടണമെന്ന് എനിക്കറിയില്ല. എന്നാലും നിങ്ങളെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നുണ്ടെന്ന്  വിജയ് ദേവാരക്കൊണ്ട പറഞ്ഞു. നേരത്തെ നടന്‍ തനിക്ക് ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലേലം ചെയ്ത് ലഭിച്ച 25 ലക്ഷം രൂപ ആന്ധ്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കുവാന്‍ ആരാധകരോടും നടന്‍ അഭ്യര്‍ത്ഥിച്ചു.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഇളയദളപതി വിജയ്. എഴുപതു ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാന്‍സു വഴി വിജയ് കൈമാറിയത്. തമിഴ്‌നാട്ടിലെ വിജയ് ഫാന്‍സ് അസ്സോസ്സിയേഷന്‍ ഈ തുക സമാഹരിച്ച് പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ മേടിച്ച് ഫാന്‍സുമായി സഹകരിച്ച് കേരളത്തിലെത്തിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിജയ് ഒന്നരക്കോടി രൂപയും എല്ലാവര്‍ക്കും വസ്ത്രങ്ങളും നല്‍കിയിരുന്നു. 

 

ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും രാംചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് നല്‍കി. അല്ലു അര്‍ജുന്‍, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു.നടി നയന്‍താര 25 ലക്ഷം രൂപ നല്‍കി.

കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്.

ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊല്ലം അഞ്ചലില്‍ നിന്നുള്ള കുടുംബം. ലോട്ടറി ഏജന്റും വില്‍പനക്കാരനുമായ ഹംസയും കുടുംബവുമാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനാര്‍ഹമായ ടിക്കറ്റുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്. 
നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് നല്‍കാനാണ് ഹംസ ഭാര്യ സോണിയയ്ക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പം  എത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് തുക കൈമാറാനുളള നടപടികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ മോഹന്‍ലാലും. പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ നല്‍കിയത്. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും, ഒന്നിച്ചു ഒറ്റക്കെട്ടായി ഈ ദുരിതത്തെ നേരിടാം എന്നും മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബൂക് പോസ്റ്റില്‍ കുറിച്ചിരുന്നു.


മമ്മൂട്ടി, ജയസൂര്യ തുടങ്ങി നടന്മാരും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തുകയും ചെയ്തിരുന്നു. കേരളത്തിന് കൈത്താങ്ങാകാന്‍ എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങള്‍. ലിസി, സുഹാസിനി, ഖുശ്ബു, രേവതി, നദിയാ മൊയ്തു റഹ്മാന്‍, രാജ്കുമാര്‍ തുടങ്ങിയവരുടെ ഒരു കൂട്ടായ്മയാണിത്. ഇവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ നല്‍കി.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ആന്ധ്രയിലെ അരി വ്യാപാരികള്‍. 144 മെട്രിക് ടണ്‍ അരി, പതിനായിരം പുതപ്പുകള്‍, 2.5 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ എന്നിങ്ങനെ 55 ലക്ഷം രൂപയുടെ സഹായ വസ്തുക്കളുമായാണ് അരി വ്യാപാരികളുടെ 10 പേരടങ്ങുന്ന സംഘം എത്തിയത്. ആന്ധ്രയിലെ കാക്കിനഡ തുറമുഖം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണിവര്‍. പുതപ്പുകളും വസ്ത്രങ്ങളും ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളില്‍ വിതരണം ചെയ്യ്തു.