പാര്‍ട്ടി ഏല്‍പിക്കുന്ന ഏതു ദൗത്യവും നിര്‍വഹിക്കാന്‍ തയ്യാറാണ്; കെ മുരളീധരന്‍

പാര്‍ട്ടി ഏല്‍പിക്കുന്ന ഏതു ദൗത്യവും നിര്‍വഹിക്കാന്‍ തയ്യാറാണ്; കെ മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കുമെന്ന് കെ.മുരളീധരന്‍. തിരാളിയാരെന്നു നോക്കാറില്ല. മത്സരം ആശയങ്ങള്‍ തമ്മിലാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയില്‍ നടക്കുന്നത്. അതില്‍ ജനാധിപത്യ മതേതര സംവിധാനത്തിനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി. ഇടതുപക്ഷം ആ രീതിയിലല്ല ജനാധിപത്യത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അക്രമരാഷ്ട്രീയത്തിനെതിരെ പോരാടാനും മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ പത്തുവര്‍ഷം നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ തുടരാനും തയ്യാറാണോ എന്നാണ് പാര്‍ട്ടി ചോദിച്ചത്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏതു ദൗത്യവും നിര്‍വഹിക്കാന്‍ തയ്യാറാണെന്ന് മറുപടി നല്‍കിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

പാര്‍ട്ടിക്കു വേണ്ടി ശക്തമായ പോരാട്ടം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വടകരയില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് വിജയപരാജയത്തെ ബാധിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ഘടകവും പരിശോധിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക.യു ഡി എഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.