ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി; സുപ്രീം കോടതി ഹര്‍ജി തള്ളി 

ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി; സുപ്രീം കോടതി ഹര്‍ജി തള്ളി 

കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗീക പീഡന പരാതിയിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പരാതിക്കാരിയുടെ ഹർജി ഉത്തമവിശ്വാസത്തോടെ ഉള്ളതല്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. 2012ലെ സംഭവത്തിൽ എന്തുകൊണ്ട് കേസ് നൽകാൻ വൈകിയെന്ന് കോടതി ചോദിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നതു കൊണ്ട് നടപടിയെടുക്കില്ല എന്ന ആശങ്ക ഉണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചില്ല.

2018 ഒക്റ്റോബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. സമാന ആവശ്യവുമായി പരാതിക്കാരി നൽകിയ ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. സംഭവം നടന്ന് ഏഴു വർഷത്തിന് ശേഷം നൽകിയ പരാതിയിൽ അടിയന്തര നടപടിയെന്ന ആവശ്യം അനവസരത്തിൽ ഉള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.