സോളാര്‍ കേസിലെ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുമെന്നു അഭിഭാഷകന്‍ ബി.എ.ആളൂര്‍

സോളാര്‍ കേസിലെ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുമെന്നു അഭിഭാഷകന്‍ ബി.എ.ആളൂര്‍

കൊച്ചി: സോളാര്‍ കേസിലെ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത എസ്. നായരുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കും.  പ്രതികള്‍ കുറ്റം ചെയ്തതായി സോളാര്‍ കമ്മിഷന് ബോധ്യപ്പെട്ടിട്ടതിനാലാണ് ഇപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത് എന്നും അഡ്വ. ആളൂര്‍ പറഞ്ഞു.

സരിത ജയിലിലായിരുന്ന സമയത്ത് പീഡിപ്പിച്ചവരെ കുറിച്ച് വ്യക്തമാക്കുന്ന കത്ത് നല്‍കിയിരുന്നു. പുതിയ സര്‍ക്കാര്‍ അതില്‍ അന്വേഷണം നടത്തുകയും സരിത തിരുവനന്തപുരത്ത് എത്തി മൊഴിയും നല്‍കുകയും ചെയ്തിരുന്നു. സരിതയുടെ മൊഴി പോലീസ് റെക്കോഡും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അത് സ്ഥിരീകരിച്ചിരിക്കുന്നു എന്നും ആളൂര്‍ പറഞ്ഞു.

ബലാത്സംഗക്കേസായതിനാല്‍ കേസിലെ ഏറ്റവും വലിയ സാക്ഷി പരാതിക്കാരി തന്നെയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ പോലും സാഹചര്യത്തെളിവുകള്‍ ഉണ്ട്. ബലാത്സംഗം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ആളൂര്‍ പറഞ്ഞു.