മദ്യപിച്ച്‌​ വാഹനമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും; ലോക്നാഥ് ബെഹ്​റ

മദ്യപിച്ച്‌​ വാഹനമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും; ലോക്നാഥ് ബെഹ്​റ

തിരുവനന്തപുരം: മദ്യപിച്ച്‌​ വാഹനമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന്​​ സംസ്​ഥാന പൊലീസ്​ മേധാവിയുടെ നിര്‍ദേശം. മദ്യപിച്ച്‌​ വാഹനമോടിച്ച് പിടിയിലയവരോട് ഉള്‍പ്പടെ പൊലീസ് മാന്യമായിത്തന്നെ പെരുമാറണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്​ഥാനത്ത് റോഡപകടങ്ങള്‍ കുറക്കുന്നത് ലക്ഷ്യ​മിട്ട്​ പരിശോധന ശക്ത​മാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്​റ ജില്ല പൊലീസ്​ മേധാവികള്‍ക്ക്​ നിര്‍ദേശം നല്‍കി.

റോഡപകടങ്ങളുടെ നിരക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദ്ദേശം. 2016നെ അപേക്ഷിച്ച്‌ കഴിഞ്ഞവര്‍ഷം റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും ഗുരുതര പരിക്കേറ്റവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. സംസ്​ഥാന പാതകളില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്. ഏറ്റവുമധികം അപകടത്തില്‍പെടുന്നത്​ ഇരുചക്ര വാഹനങ്ങളാണ്​. 

നാലുവരിപാതകളില്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിനും ശക്തമായ നടപടിയെടുക്കണം. ഇരുചക്രവാഹന അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്​കൂളുകളിലും കോളജുകളിലും ട്രാഫിക് ബോധവത്കരണം ശക്തമാക്കണം. റെയ്സിങ്, ഓവര്‍ സ്​പീഡ് നടക്കുന്ന പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദേശിച്ചു.