ജയിലുകളില്‍ കുറ്റവാളികളെ കുറച്ചു കൊണ്ടുവരുന്നതിന് സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം: മന്ത്രി കെ കെ ശൈലജ

 ജയിലുകളില്‍ കുറ്റവാളികളെ കുറച്ചു കൊണ്ടുവരുന്നതിന് സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കുറ്റവാളികള്‍ വര്‍ധിച്ച് ജയിലുകള്‍ നിറയുന്ന അവസ്ഥ മാറി കുറ്റവാളികളെ കുറച്ചു കൊണ്ടുവരുന്നതിന് സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ. ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ല. സാഹചര്യവും ബാഹ്യ പശ്ചാത്തലവും കൊണ്ട് കുറ്റവാളികളാകുന്നവരാണ് അധികവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ചെറിയ കുറ്റങ്ങള്‍ നടത്തിയവര്‍പ്പോലും കൊടും കുറ്റവാളികളോടൊപ്പം താമസിപ്പിക്കേണ്ട അവസ്ഥയാണിപ്പോള്‍. അതെല്ലാം ആ വ്യക്തിയെ മാനസികമായി സ്വാധീനിക്കുകയും വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. 

ഇതുകൂടാതെ നല്ലനടപ്പിന് വിധിച്ച് നാട്ടിലെത്തിയാലുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും ആ വ്യക്തിയെ വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ തന്നെ ജയിലുകള്‍ നിറയുന്ന അവസ്ഥ മാറാന്‍ സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം സമൂഹവും ഒത്തൊരുമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.