പാമ്പുകടിയേറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്ന്  മരിച്ച വിദ്യാര്‍ഥിനിയുടെ പിതാവ്

പാമ്പുകടിയേറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്ന്  മരിച്ച വിദ്യാര്‍ഥിനിയുടെ പിതാവ്

സുല്‍ത്താന്‍ ബത്തേരി: പാമ്പുകടിയേറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്ന്  മരിച്ച വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ പിതാവ് അസീസ്.  സ്‌കൂൾ അധികൃതരുടെ അനാസ്ഥ മൂലമാണ് വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയായത് എന്ന ആരോപണം ഉറപ്പിക്കുന്നതാണ്   ഷഹ്‌ലയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍.

കുഴിയില്‍ കാലുകുടുങ്ങി എന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്. മൂന്ന് മണിക്ക് നടന്ന സംഭവം സ്‌കൂള്‍ അധികൃതര്‍ വിളിച്ചറിയിച്ചത് 3.36നാണ്. കുട്ടിയുടെ കാലുകുടുങ്ങിയ കുഴി ഹെഡ്മാസ്റ്റര്‍ തന്നെ കാണിച്ചുതന്നുവെന്നും അസീസ് പറയുന്നു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തണം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

സ്‌കൂളില്‍നിന്ന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍നിന്ന് ആന്റിവെനം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നുവരികയാണ്. വീഴ്ച വരുത്തിയ അധ്യാപകന്‍ ഷിജിലിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.