ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പന്തളം: മകര സംക്രമ പൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തുനിന്ന് പുറപ്പെടും. 

തിരുവാഭരണ ഘോഷയാത്രക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പന്തളം രാജാവ് അയ്യപ്പന് സമര്‍പ്പിച്ച തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് മകരസംക്രമ ഉത്സവത്തിന് നട തുറക്കുന്നത്. പന്തളം കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിക്കുന്ന തിരുവാഭരണങ്ങള്‍ വൃശ്ചികം ഒന്നിന് പുറത്തെടുത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രദര്‍ശിപ്പിച്ചിരുന്നു.

ഉച്ചയ്ക്ക് 12 ന് പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പേടകങ്ങള്‍ മൂന്നും എടുക്കും. ഒരു മണിയോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പന്‍മാരുടെയും സായുധ പോലീസിന്റെയും ദേവസ്വം അധികൃതരുടെയും അകമ്ബടിയോടെ ഘോഷയാത്ര പന്തളത്ത് നിന്ന് യാത്ര തുടങ്ങും. ചൊവ്വാഴ്ചയാണ് മകരവിളക്ക്.