സാംസൺ ആന്റ് സൺസ് ഫ്ളാറ്റ് തട്ടിപ്പ്: തങ്ങള്‍ക്ക് ഇതുവരെയും നീതി ലഭിച്ചില്ലെന്ന് ഫ്ലാറ്റ് നിവാസികള്‍

സാംസൺ ആന്റ് സൺസ് ഫ്ളാറ്റ് തട്ടിപ്പ്: തങ്ങള്‍ക്ക് ഇതുവരെയും നീതി ലഭിച്ചില്ലെന്ന് ഫ്ലാറ്റ് നിവാസികള്‍

തിരുവനന്തപുരം: തങ്ങള്‍ക്ക് ഇതുവരെയും നീതി ലഭിച്ചില്ലെന്ന് സാംസൺ ആന്റ് സൺസ് ഫ്ളാറ്റ് തട്ടിപ്പിനിരായ ഫ്ലാറ്റ് നിവാസികള്‍. ഇതുവരെയും ഒരു തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകളും ഈ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഫ്ലാറ്റ് നിവാസികള്‍ പറയുന്നു. 

സബ് കലക്ടര്‍ ആയിരുന്ന ദിവ്യ എസ് അയ്യര്‍ ഈ വിഷയത്തിന് പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞിരുനെങ്കിലും തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. തിരുവനന്തപുരം മേയറോ വട്ടിയൂര്‍ക്കാവ് എം എല്‍ എ വി മുരളീധരനൊ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് കോടികളാണ് സാംസണ്‍ ഗ്രൂപ്പ് തട്ടിച്ചത്. ഇത്തരമൊരു തട്ടിപ്പ് നടത്തിയതിന് സാംസണും മക്കളായ ജോണ്‍ ജേക്കബ്, സാമുവേല്‍, മരുമകളും നടിയുമായ ധന്യ മേരി വര്‍ഗ്ഗീസ് എന്നിവരും അറസ്റ്റിലായിരുന്നു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കുടുംബം മാസങ്ങളോളം ജയില്‍വാസമനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് സാംസണ്‍ ബില്‍ഡേഴ്സിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ളാറ്റുകള്‍ക്ക് മുന്നില്‍ പണം നല്‍കിയവര്‍ സമരമാരംഭിച്ചിരുന്നു. 

2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ് ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ കൈപ്പറ്റി എന്നാണ് കേസ്. പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ് ളാറ്റ് കൈമാറാമെന്ന് പറഞ്ഞിരുന്നെങ്കിലും ഫ് ളാറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ പൊലീസില്‍ പരാതി ല്‍കുകയായിരുന്നു. 

ഫ്ലാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് കാണിച്ച്‌ പണംതട്ടിയതിനുപുറമെ ഉയര്‍ന്ന പലിശ നല്‍കാമെന്ന് കാണിച്ച്‌ നിക്ഷേപം സ്വീകരിച്ചതിനും പദ്ധതികളില്‍ പങ്കാളിത്തം നല്‍കാമെന്ന് മോഹിപ്പിച്ച്‌ പണം തട്ടിയതായും സാംസണ്‍ ആന്‍ഡ് ബിള്‍ഡേഴ്സിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.