ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയവരില്‍ ഇരുന്നൂറോളം പേര്‍  നേരത്തെ സംഘര്‍ഷമുണ്ടായപ്പോള്‍ ഉണ്ടായിരുന്നവരാണെന്ന് പോലീസ്

ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയവരില്‍ ഇരുന്നൂറോളം പേര്‍  നേരത്തെ സംഘര്‍ഷമുണ്ടായപ്പോള്‍ ഉണ്ടായിരുന്നവരാണെന്ന് പോലീസ്

തിരുവനന്തപുരം: ആദ്യം സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഇരുന്നൂറോളം പേര്‍ തന്നെയാണ് വീണ്ടും ശബരിമലയിലേയ്ക്ക് എത്തിയതെന്ന് പോലീസ്.ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോളാണ് ശബരിമലയില്‍ എത്തിയവരില്‍ ഇരുന്നൂറോളം പേരെങ്കിലും നേരത്തെ സംഘര്‍ഷമുണ്ടായപ്പോള്‍ ഇവിടെ ഉണ്ടായിരുന്നവരാണെന്ന് പോലീസ് വിലയിരുത്തിയത്. പോലീസ് ഒരുക്കിയ ഫെയ്സ് ഡിറ്റക്ഷന്‍ സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് ഇക്കാര്യം വ്യക്തമായത്. ആദ്യവട്ടം സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ പോലീസിന്റെ ഫെയിസ് ഡിറ്റക്ഷന്‍ സോഫ്റ്റുവേറുകളുമായി ബന്ധപ്പെടുത്തിയാണ് അവരില്‍ 200 പേരെങ്കിലും ഇത്തവണയും ശബരിമലയില്‍ എത്തിയിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. 

തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുകയും 3700-ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരില്‍ ഭൂരിഭാഗത്തിനും ജാമ്യം ലഭിക്കുകയും ചെയ്തു. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇവര്‍ ഇക്കുറിയും ശബരിമലയില്‍ എത്തിയിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവര്‍ വീണ്ടും ശബരിമലയില്‍ എത്തുന്നതിനെ തടയാനാകില്ലെങ്കിലും ഇവരെ നിരീക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ക്യാമറാ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട ഇത്തരക്കാരെ മണ്ഡലകാലത്ത് നടതുറക്കുന്നതിന് മുമ്പുതന്നെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ചിത്തിര ആട്ടത്തിരുനാളിന് നട തുറക്കുന്നതിന് മുന്നോടിയായി പോലീസ് കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയെങ്കിലും അവ പാളിപ്പോയെന്നും വിലയിരുത്തല്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ മണ്ഡല തീര്‍ത്ഥാടന കാലത്തിന് മുമ്പ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്കഴിഞ്ഞ ശേഷമാകും സുരക്ഷാ ക്രമീകരണങ്ങള്‍ അന്തിമ രൂപത്തിലാക്കുകയെന്നാണ് നിലവിലത്തെ സൂചന. കൂടാതെ,വിശദമായ ചര്‍ച്ചകള്‍ക്കായി ഈ മാസം 12ന് ഉന്നതതല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.