ശബരിമല യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരണം: ജസ്റ്റിസ് കെ ടി തോമസ്

  ശബരിമല യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരണം: ജസ്റ്റിസ് കെ ടി തോമസ്

 കോട്ടയം: സുപ്രീംകോടതി ശബരിമല യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരണമാണെന്ന് റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. വിശദമായ പരിശോധന ആവശ്യമായതിനാലാണ് വിശാല ബെഞ്ചിലേക്ക് വിഷയം കൈമാറിയതെന്നും വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഭംഗിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട്.

പുനഃപരിശോധനാ ഹർജികൾ സാധാരണ ഗതിയിൽ തള്ളാറാണ് പതിവെന്നും അഞ്ചംഗബെഞ്ചിന്റെ വിധിയോട് വിയോജിപ്പുള്ളവർ ഉള്ളതു കൊണ്ടാണ് ഏഴംഗബെഞ്ചിന് വിട്ടതെന്നും അതിനാൽ തീരുമാനമായതായി കണക്കാക്കാനാവില്ലെന്നും റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസ് പ്രതികരിച്ചു. 

യുവതീപ്രവേശനവിധിയിൽ നിലവിൽ സ്റ്റേയില്ലെന്നും എന്നാൽ പുനഃപരിശോധനാഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്കിരിക്കുന്നതിനാൽ യുവതീപ്രവേശനം അനുവദിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം വരുന്നതു വരെ യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.