അധോലോക കുറ്റവാളിയെന്ന് കരുതി അറസ്റ്റ് ചെയ്തത് രവി പൂജാരിയല്ലെന്ന് അഭിഭാഷകര്‍

അധോലോക കുറ്റവാളിയെന്ന് കരുതി അറസ്റ്റ് ചെയ്തത് രവി പൂജാരിയല്ലെന്ന് അഭിഭാഷകര്‍

കൊച്ചി : അധോലോക കുറ്റവാളിയെന്ന് കരുതി അറസ്റ്റ് ചെയ്തത് രവി പൂജാരിയല്ലെന്ന് അഭിഭാഷകര്‍. രവി പൂജാരിയുടെ അഭിഭാഷകര്‍ ഈ അവകാശവാദവുമായി സെനഗല്‍ അധികൃതരെ സമീപിച്ചു. ശാസ്ത്രീയമായ തിരിച്ചറിയലിനായി ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തയാറെടുക്കുകയാണ്.

കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിനു നേരേയുണ്ടായ വെടിവയ്പ് ഉഡുപ്പി സ്വദേശിയായ രവി പൂജാരിയെ കേരളത്തിലും സുപരിചിതനാക്കിയിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൂജാരി ജനുവരി 19-ന് സെനഗലില്‍ പിടിയിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രാജ്യാന്തര ഏജന്‍സികള്‍ തെരയുന്ന രവി പൂജാരയല്ല താനെന്നും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയില്‍ നിന്നുള്ള ആന്‍റണി ഫെര്‍ണാണ്ടസാണെന്നുമാണ് അഭിഭാഷകര്‍ മുഖേന ഇയാളുടെ വാദം. ആന്‍റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ ബുര്‍ക്കിനാഫാസോ പാസ്‌പോര്‍ട്ട് നേടി സെനഗലില്‍ കഴിയുന്നത് പൂജാരി തന്നെയാണെന്നു കര്‍ണാടക പോലീസ് നേരത്തേ അറിയിച്ചിരുന്നു.

ഇയാളുടെ ഭാര്യയും മക്കളും സമാനമായ പാസ്‌പോര്‍ട്ടില്‍ സെനഗലിലുണ്ട്. നിരവധി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായി ഹോട്ടല്‍ ശൃംഖല നടത്തുന്നുണ്ടെന്ന വിവരമടക്കം നേരത്തേ സെനഗല്‍ അധികൃതര്‍ക്കു കൈമാറിയിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകിക്കാനാണു താന്‍ മറ്റൊരാളാണെന്ന അവകാശവാദം ഉന്നയിക്കുന്നതെന്നു പോലീസ് വിശദീകരിക്കുന്നു.
സെനഗലില്‍ കസ്റ്റഡിയിലുള്ള ആളുടെ ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി ഡല്‍ഹിയിലും കര്‍ണാടകയിലും മുംബൈയിലും താമസിക്കുന്ന പൂജാരി കുടുംബാംഗങ്ങളുടെ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങി. പൂജാരിയുടെ സഹോദരി ജയലക്ഷ്മി, നയന പൂജാരി തുടങ്ങിയവര്‍ ഡല്‍ഹിയിലാണു താമസം. ഇവരുടെ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് സെനഗലില്‍ എത്തിക്കും.
13 റെഡ് കോര്‍ണര്‍ നോട്ടീസുകള്‍ നേരിടുന്ന രവി പൂജാരിയുടെ ഇന്ത്യയിലെ ക്രിമിനല്‍ പശ്ചാത്തലത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് സെനഗല്‍ പോലീസിനു കൈമാറിയിട്ടുണ്ട്