രവി പിള്ളയുടെ റാവിസ് ഹോട്ടല്‍ ഇനിമുതല്‍ രവീസ്

രവി പിള്ളയുടെ റാവിസ് ഹോട്ടല്‍ ഇനിമുതല്‍ രവീസ്

ദുബായ് : പ്രവാസി വ്യവസായി ഡോ.ബി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള റാവിസ് ഹോട്ടല്‍ ശൃംഖല രവീസ് എന്ന് പേര് മാറ്റുന്നു. വ്യവസായ രംഗത്ത് ശക്തമാകുന്നതിന്റെ ഭാഗമായി 11000 കോടി രൂപയുടെ മുതൽമുടക്ക് നടത്തും. 41 ഹോട്ടലുകൾ ലണ്ടൻ ആസ്ഥാനമായുള്ള ഗ്രൂപ്പിൽ നിന്ന് ഏറ്റെടുക്കുന്നതിനൊപ്പം കേരളത്തിലും ആയിരം കോടി രൂപ മുതൽ മുടക്കും. 

2020 ജനുവരിയിലാണ് റാവിസ്, രവീസ് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന്റെ സോഫ്റ്റ് ലോഞ്ചിംഗ്. അക്ഷരങ്ങൾക്ക് മാറ്റമില്ലെങ്കിലും ഉച്ചാരണത്തിന് മാറ്റം വരുത്തി രവിപിള്ള ഗ്രൂപ്പിനോടു താതാത്മ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് മകള്‍ ഡോ. ആരതിയായിരിക്കും. കമ്പനിയുടെ ഡയറക്ടര്‍ കൂടെയാണ് ആരതി. മകന്‍ ഗണേഷ് ആയിരിക്കും രാജ്യാന്തര തലത്തിലുള്ള കമ്പനിയുടെ ചുമതല.

യൂറോപ്പ്, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലും അമേരിക്കയിലും ഹോട്ടൽ ശ്രംഖലയുള്ള ഗ്രൂപ്പിന്റെ ഹോട്ടലുകൾ വാങ്ങുന്നതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്ത് ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററും രവി പിള്ള ഗ്രൂപ്പ് നിര്‍മ്മിക്കുന്നുണ്ട്. കൊല്ലത്ത് അടുത്തിടെ വാങ്ങിയ കൊട്ടാരം ആയുര്‍വേദ റിസോര്‍ട്ടാക്കി മാറ്റുമെന്നും രവി പിള്ള പറയുന്നു.