ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് ഗവർണറുടെ നടപടി: രമേശ് ചെന്നിത്തല 

ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് ഗവർണറുടെ നടപടി: രമേശ് ചെന്നിത്തല 

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയൊരു നടപടിയാണിതെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചു.

ഒരുപാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള മുന്നണിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാമെന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ട്വീറ്റ് സഹിതമാണ് ചെന്നിത്തല രംഗത്തെത്തിയത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന തീരുമാനം പുനഃപരിശോധിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുള്ള കോൺഗ്രസ് -ജെഡിഎസ് പാർട്ടികളെ പുറത്ത് നിർത്തിയാണ് ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പുള്ള ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്. ഗോവയും മണിപ്പൂരുമുൾപ്പെടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ അന്ന് പരിഗണന ഭൂരിപക്ഷമുള്ള മുന്നണിക്കായിരുന്നു.കാരണം ബിജെപി അന്ന് ഭൂരിപക്ഷമുള്ള മുന്നണിയിലായിരുന്നു. കർണാടകയിൽ ബിജെപി ഇതര പാർട്ടികൾ ഭൂരിപക്ഷമുള്ള മുന്നണി ആയപ്പോൾ മുൻനിലപാട് വിഴുങ്ങുകയാണ്. ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയൊരു നടപടിയാണിത്. കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്ന നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്.ഒരുപാർട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ ഏറ്റവും കൂടുതൽ എം എൽ എ മാരുള്ള മുന്നണിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാമെന്നുള്ള കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ട്വീറ്റ് ഇവിടെ ചേർക്കുന്നു. ഈ നിയമം എന്ത് കൊണ്ട് കർണാടകയിൽ പാലിക്കപ്പെടുന്നില്ല? ജനാധിപത്യത്തെ അട്ടിമറിക്കുന്ന തീരുമാനം പുനഃപരിശോധിക്കപ്പെടണം.