ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആളുകൾ മരിക്കുകയും സാധാരണക്കാർ നെട്ടോട്ടമോടുകയും ചെയ്യുന്നു; രമേശ്‌ ചെന്നിത്തല

ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആളുകൾ മരിക്കുകയും സാധാരണക്കാർ നെട്ടോട്ടമോടുകയും ചെയ്യുന്നു; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ചികിത്സകിട്ടാതെ ആളുകൾ മരിക്കുകയും സാധാരണക്കാർ നെട്ടോട്ടമോടുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വയനാട് ആദിവാസിയായ ചപ്പ (61)യുടെ മരണത്തിന് ശേഷം കോഴിക്കോട് നിന്ന് കേൾക്കുന്ന വാർത്തയും ഞെട്ടിപ്പിക്കുന്നതാണ്. ചികിത്സയ്ക്കായി സമരം ചെയ്യേണ്ട ഗതികേടിലാണ് സാധാരണക്കാർഎന്നും അദ്ദേഹം പറഞ്ഞു. 

കനകവല്ലി എന്ന രോഗിയെ ബീച്ച് ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് ബീച്ച് ഹോസ്പിറ്റലിലേക്കും അയക്കുകയാണ് ഉണ്ടായത്. ഒരിടത്ത് നിന്ന് പോലും ചികിത്സ ലഭിച്ചില്ല. ഇതേ തുടർന്നാണ് സമരം നടത്തിയത്. സ്വകാര്യ ആശുപതികളിൽ പോകാൻ പാങ്ങില്ലാത്ത സാധാരക്കാരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നത്. ഇവരുടെ ജീവൻ പന്താടരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരം ചെയ്യുന്ന ഡോക്‌ടർമാരുമായി ചർച്ച നടത്തില്ലെന്ന ദുർവാശി ആരോഗ്യമന്ത്രി കെ കെ ശൈലജ ഉപേക്ഷിക്കണം. സമരം രമ്യമായി ഒത്തുതീർക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.