അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്, സന്നിധാനത്ത് എത്താതെ രാഹുല്‍ ഈശ്വര്‍ മടങ്ങി; രണ്ട് ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തും

അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്, സന്നിധാനത്ത് എത്താതെ രാഹുല്‍ ഈശ്വര്‍ മടങ്ങി; രണ്ട് ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തും

നിലക്കല്‍:  ശബരിമല യുവതീപ്രവേശത്തിനെതിരെ പ്രതിഷേധവുമായി നിലയ്ക്കലിലെത്തിയ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ മടങ്ങി.രണ്ട് ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിനായി മരക്കൂട്ടത്ത് എത്തിയ കെ.പി ശശികലയെ ശനിയാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ശബരിമല കര്‍മ്മ സമിതി നേതാവായ സ്വാമി ഭാര്‍ഗവറാമിനെ പമ്പയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നാലെ കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ മടങ്ങിയത്.

തുലാമാസ പൂജകള്‍ക്കായി നട തുറപ്പോള്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാന്‍ ചിലര്‍ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാഹുല്‍ വീണ്ടും അറസ്റ്റിലായിരുന്നു. ഈ സാഹചര്യത്തിലാണ് സന്നിധാനത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. ഇതോടെ പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട ശേഷം രാഹുല്‍ മടങ്ങി.