ആളുകൾ നടക്കുന്ന വഴിയിൽ ഇരുമ്പ് മുൾവേലി കെട്ടിയടച്ച് ക്രൂരത; ആർഎസ്എസ് പ്രവർത്തകന്റെ ക്രൂരതക്ക് സിപിഎം ഒത്താശ; സമരം ശക്തമാക്കി സിനിമ താരം പ്രദീപ്‌ പ്രഭാകര്‍

ആളുകൾ നടക്കുന്ന വഴിയിൽ ഇരുമ്പ് മുൾവേലി കെട്ടിയടച്ച് ക്രൂരത; ആർഎസ്എസ് പ്രവർത്തകന്റെ ക്രൂരതക്ക് സിപിഎം ഒത്താശ; സമരം ശക്തമാക്കി സിനിമ താരം പ്രദീപ്‌ പ്രഭാകര്‍

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങരയില്‍  8 കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കി  സ്വകാര്യ വ്യക്തി വഴിയടച്ചതിൽ പ്രതിഷേധിച്ച് സിനിമ - ടെലിവിഷന്‍ താരം പ്രദീപ്‌ പ്രഭാകര്‍ നടത്തുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞ 75 വര്‍ഷമായി എട്ട് കുടുംബങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരുന്ന വഴി പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും തരാതെ ഉടമസ്ഥൻ കെട്ടി അടച്ചതിൽ പ്രതിഷേധിച്ചാണ് പ്രദീപ് സമരം ആരംഭിച്ചത്. 

ഉടമസ്ഥനായ  ഓംകാരത്തില്‍ സുകുമാരന്‍ നായര്‍ എന്നയാളാണ് വസ്തു കപ്പ കൃഷിക്കായി ഇരുമ്പ് മുള്ള് വേലി ഉപയോഗിച്ച് കെട്ടിയടച്ചത്.  കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടന്നു പോകാന്‍ കഴിയുന്ന ഇടുങ്ങിയ വഴി മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇതോടെ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ശരീരത്തിൽ മുൾവേലി കൊള്ളാതെ സൂക്ഷിച്ച് മാത്രം പോകേണ്ട അവസ്ഥായാണ് നിലവിൽ. രാത്രി ഇതുവഴിയുള്ള സഞ്ചാരമാണ് കൂടുതൽ ദുഷ്കരമെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, പ്രാദേശിക ആർഎസ്എസ് പ്രവർത്തകനായ ഓംകാരത്തില്‍ സുകുമാരന്‍ നായർക്ക് ഒത്താശ ചെയ്യുന്നത് പ്രദേശത്തെ ചില സിപിഎം പ്രവർത്തകർ തന്നെയാണെന്ന് പ്രദീപ് കുറ്റപ്പെടുത്തി. സുകുമാർ നായരുടെ പ്രവർത്തിയെ എതിർത്ത് മറ്റു ആർഎസ്എസ് - ബിജെപി പ്രവർത്തകർ എതിർത്തപ്പോഴും സിപിഎം അവരെ പിന്തുണക്കുകയായിരുന്നെന്നു പ്രദീപ് അന്വേഷണം ന്യൂസിനോട് പറഞ്ഞു.

നേരത്തെ, സംഭവത്തിൽ പ്രതിഷേധവുമായി  എത്തിയ വീട്ടുകാരെ പ്രാദേശിക സിപിഎം നേതാക്കള്‍ ഇടപെട്ട് ഭീണിപ്പെടുത്തി ഓടിക്കുകയായിരുന്നു. റോഡ്‌ വികസനത്തിന്റെ ഭാഗമായി വസ്തുവിന്റെ വില വര്‍ധിക്കുമെന്നും ഈ സാഹചര്യത്തില്‍  വഴി ഇല്ലാതാക്കി എട്ട് കുടുംബങ്ങളെയും ഓടിച്ച് ഭൂമി ചുളുവിലക്ക് സ്വന്തമാക്കാനുള്ള ഭൂമാഫിയയുടെ നീക്കത്തിനാണ് സിപിഎം ഒത്താശ ചെയ്യുന്നതെന്നും ആരോപണമുണ്ട്.

സാധാരണക്കാരും പാവപ്പെട്ടവരുമായ ഗ്രാമീണരാണ്  ഈ പ്രദേശത്ത് താമസിക്കുന്നത്. വസ്തുക്കള്‍ പലയിടത്തും വേലികെട്ടി തിരിച്ചിട്ടുപോലുമില്ല.  ഗ്രാമവാസികള്‍ക്ക് ഇടയില്‍ വേര്‍തിരിവ് സൃഷ്ടിച്ചു  സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം ആളുകള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് പ്രദീപ് പറഞ്ഞു.

നേരത്തെ സിപിഎം നേതാക്കളെ ഭയന്ന് ആരും സമരരംഗത്തേക്ക് വരാതിരുന്നപ്പോൾ പ്രദീപ് ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. എന്നാൽ പിന്നീട് നിരവധിപേർ പിന്തുണ അറിയിച്ച് രംഗത്തെത്തി. പ്രദേശത്തെ കുടുംബങ്ങളും ഇപ്പോൾ പ്രദീപിനൊപ്പമുണ്ട്. സംഭവത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കാണിച്ച് കളക്ടർക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ഇവർ.