‘മാറി നിൽക്ക് അങ്ങോട്ട്’ : വീണ്ടും മാധ്യമ പ്രവർത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി

‘മാറി നിൽക്ക് അങ്ങോട്ട്’ : വീണ്ടും മാധ്യമ പ്രവർത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി

കൊച്ചി:  മാധ്യമ പ്രവർത്തകരോട് വീണ്ടും  കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.സർക്കാരിലെയും മുന്നണിയിലെയും പൊട്ടിത്തെറി രൂക്ഷമായതിന്റെ ദേഷ്യം മാധ്യമങ്ങളോടു പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം–സിപിഐ തർക്കത്തെക്കുറിച്ചു പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചപ്പോഴാണ്, ‘മാറി നിൽക്ക് അങ്ങോട്ട്’ എന്നു പറഞ്ഞ് രോഷം പ്രകടിപ്പിച്ചത്.

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം, സിപിഐ തർക്കം കഴിഞ്ഞദിവസം നേതൃത്വങ്ങളുടെ പരസ്യ പ്രതികരണങ്ങളിലൂടെ മുറുകിയിരുന്നു. ഇതിനൊപ്പം ഇരുപാർട്ടികളും മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയും ആരോപണ പ്രത്യാരോപണങ്ങളും ന്യായീകരണവുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന സാഹചര്യത്തിൽ, കൊച്ചിയിൽ മാധ്യമങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും പൊലീസിന്റെയും വലിയ നിരയുണ്ടായിരുന്നു. മാധ്യമപ്രവർത്തകരോടു പ്രതികരിക്കാൻ തയാറാകാതിരുന്ന മുഖ്യമന്ത്രി കയർക്കുകയായിരുന്നു. ഇതിനുപിന്നാലെ, പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയെല്ലാം അവിടെനിന്ന് പൊലീസ് പിടിച്ചുപുറത്താക്കി. പൊലീസുകാരോടും ദേഷ്യത്തിൽ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്ന ശേഷമാണ് മുഖ്യമന്ത്രി സമ്മേളന ഹാളിലേക്കു കയറിയത്.

മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ കൂട്ടത്തിലൊരാളുടെ കൈവശമുള്ള മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്തും മുഖത്തും തട്ടി ഇതോടെ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് ഓഫീസിനുള്ളിലേക്ക് കയറി.

തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നോര്‍ത്ത് എസ്‌ഐ വിപിന്‍ ദാസിനെ ശകാരിച്ചു. മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി വിപിന്‍ ദാസിനോട് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടിയിരിക്കുകയാണ്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വിപിന്‍ ദാസിനെ സസ്‌പെന്റ് ചെയ്യാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.