മൊറട്ടോറിയം ഉത്തരവ് ഇറക്കാന്‍ വൈകി; ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

മൊറട്ടോറിയം ഉത്തരവ് ഇറക്കാന്‍ വൈകി; ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് സമയബന്ധിതമായി ഇറക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ഉത്തരവിറങ്ങേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി. മന്ത്രിസഭായോഗത്തിലായിരുന്നു മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുശേഷം പുതിയ ഉത്തരവിറങ്ങും.  

കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് ഉത്തരവിറങ്ങാത്തതില്‍ കൃഷിമന്ത്രിയുടെ അതൃപ്തി ഇന്നലെ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുന്‍പ് ഉത്തരവിറക്കാത്ത് എന്താണെന്ന് മന്ത്രി സുനില്‍ കുമാര്‍ ചീഫ് സെക്രട്ടറിയോട് ആരാഞ്ഞു. നേരത്തേ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് ഒക്ടോബര്‍ വരെ കാലാവധിയുള്ളതിനാലാണ് പുതിയ ഉത്തരവ് ഇറക്കാത്തതെന്ന് ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയും ചെയ്തു. 

കാര്‍ഷികവായ്പകള്‍ക്കും കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍, മാര്‍ച്ച് അഞ്ചാം തീയതി ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. പക്ഷെ മാര്‍ച്ച് പത്താം തീയതി തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയും മാതൃകാ പെരുമാറ്റചട്ടം നിലവില്‍വരികയും ചെയ്യുന്നത് വരെ, മൊറട്ടോറിയം സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയില്ല. കൃഷിവകുപ്പ് ഉത്തരവിറക്കിയിട്ടും മറ്റ് വകുപ്പുകള്‍നടപടി വൈകിച്ചത് എന്താണെന്ന് അറിയില്ലെന്ന് കൃഷിമന്ത്രി വി. എസ്.സുനില്‍കുമാര്‍പറഞ്ഞു. ചീഫ് സെക്രട്ടറിയോട് മന്ത്രി അതൃപ്തി അറിയിക്കുകയും വിശദീകരണം തേടുകയും  ചെയ്തു.