ബന്ധുനിയമന വിവാദം; പോള്‍ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് എ.സി മൊയ്തീന്‍

ബന്ധുനിയമന വിവാദം; പോള്‍ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് എ.സി മൊയ്തീന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ വകുപ്പ് അഡിഷണല്‍ സെക്രട്ടറി പോള്‍ ആന്റണിയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍.പോള്‍ ആന്റണി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് വ്യവസായ മന്ത്രിക്ക് കൈമാറിയതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി പ്രതികരിച്ചു.

പോള്‍  ആന്റണിയെ മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല.വിജിലന്‍സ് കേസിലെ പ്രതിയായതു കൊണ്ട് ആരും രാജിവെയ്‌ക്കേണ്ടതില്ല.ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല.അന്വേഷണത്തിനു ശേഷം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.പോള്‍ ആന്റണിയുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പിന് പൂര്‍ണ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബന്ധു നിയമന വിവാദത്തില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ താന്‍ വ്യവസായ വകുപ്പ് സെക്രട്ടറിസ്ഥാനത്ത് തുടരണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.ബന്ധുനിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി.