പാലാരിവട്ടം മേല്‍പ്പാലത്തില്‍ ടാറിംഗ് ജോലികള്‍ തുടങ്ങി; ഒരാഴ്ചയ്ക്കകം ഗതാഗതത്തിന് തുറന്നുകൊടുക്കും

പാലാരിവട്ടം മേല്‍പ്പാലത്തില്‍ ടാറിംഗ് ജോലികള്‍ തുടങ്ങി; ഒരാഴ്ചയ്ക്കകം ഗതാഗതത്തിന് തുറന്നുകൊടുക്കും

വിവാദത്തിലായ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ടാറിംഗ് ജോലികള്‍ തുടങ്ങി. പ്രാഥമിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തായാക്കി ഒരാഴ്ചയ്ക്കകം പാലം താല്‍കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. ബാക്കിവരുന്ന അറ്റകുറ്റപ്പണികള്‍ മഴക്കാലത്തിനുശേഷം നടക്കും. ആ സമയം മൂന്ന് മാസത്തേക്ക് വീണ്ടും അടയ്ക്കാനാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ തീരുമാനം. ചെന്നൈയില്‍നിന്നെത്തിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ടാംറിംഗ് ജോലികള്‍ പുരോഗമിക്കുന്നത്.

പാലം നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ബെംഗളൂരുവിലെ നാഗേഷ് കൺസൽട്ടന്റ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. കിറ്റ്കോ, ആർബിഡിസികെ മുൻ എംഡിമാർ, ജനറൽ മാനേജർമാർ, ഉദ്യോഗസ്ഥർ, കരാറെടുത്ത ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. പദ്ധതി നടപ്പാക്കിയ സമയത്തെ ആർബിഡിസികെ ജനറൽ മാനേജർ സ്ഥലത്ത് ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല.

 പാലം നിർമാണ സാമഗ്രികളുടെ സാംപിളുകളുടെ പരിശോധനാഫലം ലാബിൽ നിന്നു കഴിഞ്ഞ വെളളിയാഴ്ച കൈമാറുമെന്നു അറിയിച്ചെങ്കിലും നൽകിയിട്ടില്ല. ലാബ് അധികൃതർ പരിശോധനകൾക്കായി 2 ദിവസം കൂടി സാവകാശം ചോദിച്ചതിനെ തുടർന്നാണിത്. ബുധനാഴ്ചയോടെ ഫലം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.