ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ പൂർണ പരാജയം : രമേശ് ചെന്നിത്തല

 ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ പൂർണ പരാജയം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം. നഷ്ടപരിഹാര തുക 25 ലക്ഷമായി ഉയർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായി.

എല്ലാം ശരിയാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. തമിഴ്‌നാടും ലക്ഷദ്വീപും സ്വീകരിച്ച ചുഴിലിക്കാറ്റ് മുൻകരുതൽ നടപടികൾ കേരളത്തിലുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

29ാം തീയതി കാലാവസ്ഥ വകുപ്പ് നൽകിയ ഏഴ് അറിയിപ്പുകൾ ചീഫ് സെക്രട്ടറി മടക്കി ഫയലിൽ വെച്ചു. ഇതാണ് കേരളത്തിൽ ആളപായം ഉണ്ടാകാൻ കാരണമെന്നുo ചെന്നിത്തല ആരോപിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്.

ദുരന്തം ഉണ്ടായ ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സർക്കാരിന്റെ കടമ.  മരിച്ചവർ എത്രയെന്നു പോലും പറയാൻ സർക്കാരിനു കഴിയാത്തത് അപഹാസ്യകരമാണ്.മത്സ്യതൊഴിലാളികളെ പേടിച്ചാണോ മുഖ്യമന്ത്രിയെ ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നതെന്ന ചോദ്യവും ചെന്നിത്തല ഉന്നയിച്ചു. യുഡിഎഫിനെ സമരത്തിലേക്ക് തള്ളി വിടരുത്. 14ന് നടക്കുന്ന പടയൊരുക്കം ജാഥയുടെ സമാപനത്തിന് കേരളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി ദുരന്ത ബാധിത സ്ഥലങ്ങളായ വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ സന്ദർശിക്കുമെന്നും ചെന്നിത്തല പറഞ്ഞു