ഓഖി ചുഴലിക്കാറ്റ്: ലക്ഷദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്;കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി

 ഓഖി ചുഴലിക്കാറ്റ്: ലക്ഷദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്;കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തും ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും ഓഖി ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്.അറബിക്കടല്‍ പൂര്‍ണ്ണമായും പ്രക്ഷുബ്ധമാണ്. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപ്പാട് വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയദുരന്തനിവാരണ സേന ഉടന്‍ കവരത്തിയിലെത്തും.

ലക്ഷദ്വീപിലേക്ക് നീങ്ങിയ ഓഖി അതിന്റെ ത്രീവരൂപത്തിലേക്ക് കടന്നതോടെയാണ് ദ്വീപില്‍ മഴ കനത്തത്. തെക്കന്‍ കേരളത്തില്‍ മഴയും കാറ്റും ഇനിയും ശക്തമാകാനാണ് സാധ്യത. കേരളത്തിന്റെ തീരപ്രദേശത്ത് കടല്‍ക്ഷോഭം ശക്തമായി. വടക്കന്‍ കേരളത്തിലും സ്ഥിതി സമാനമാണ്. കേരളതീരത്ത് വലിയ തിരമാലകള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 6.1 മീറ്റര്‍ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിനോടകം വന്നു കഴിഞ്ഞു. ലക്ഷദ്വീപില്‍ ഈ തിരമാല 7.1 മീറ്റര്‍ വരെയും ഉയര്‍ന്നേക്കും. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള എം.വി കവരത്തി, ബേപ്പൂരില്‍ നിന്നുള്ള എം.വി മിനിക്കോയി എന്നീ കപ്പലുകള്‍ യാത്ര റദ്ദാക്കി. 145 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗം പൊടുന്നനെ കൈവരിച്ചേക്കും. ഇതിലും ശക്തികൂടാനും സാധ്യതയുണ്ട്. വേഗം 221 കിലോമീറ്റര്‍ കടന്നാല്‍ സൂപ്പര്‍ ചുഴലിക്കാറ്റ് എന്നാണ് അറിയപ്പെടുക. 2007ല്‍ ഒമാനില്‍ വീശിയ ‘ഗോനു’ ആണ് ഒടുവിലത്തെ സൂപ്പര്‍ ചുഴലിക്കാറ്റ്.

കേരളത്തിന്റെ തീരപ്രദേശത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളെ പൂര്‍ണമായും രക്ഷപ്പെടുത്താന്‍  കഴിഞ്ഞിട്ടില്ല . കരനാവികവ്യോമസേനകള്‍ സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. അറബിക്കടലില്‍ വെച്ച് ശക്തി വര്‍ധിച്ചതോടെ മണിക്കൂറില്‍ 110-130 കിലോമീറ്റര്‍ വേഗതയിലാണ് ലക്ഷദ്വീപിലേക്ക് ഓഖി ആഞ്ഞടിച്ചത്. അടുത്ത 24 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഏത് അടിയന്തര ഘട്ടവും നേരിടാന്‍ സഞ്ജരാകാന്‍ സേനകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.