വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; കേസ് അട്ടിമറിക്കാന്‍  ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍

 വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; കേസ് അട്ടിമറിക്കാന്‍  ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍

കോട്ടയം : ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വൈക്കം ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റിയതിനെതിരേ പരാതി. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇരയായ കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസത്രീകള്‍ പറയുന്നത്. അതേസമയം ഡിവൈഎസ്പിയുടെത് സ്വാഭാവിക സ്ഥലംമാറ്റം എന്നാണ് പൊലീസ് ഭാഷ്യം.

2019 മേയ് നാലിന് കന്യാസ്ത്രീ പീഡനക്കേസിന്റെ കുറ്റപത്രം പാല മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് സ്വീകരിക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മേയ് പത്തിന് ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ എത്തി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ജാമ്യം ഉള്ളതിനാല്‍ അത് തുടരാമെന്നും കേസ് ജൂണ്‍ ഏഴിന് പരിഗണിക്കാമെന്നുമായിരുന്നു അവസാനം കോടതി അറിയിച്ചിരുന്നത്. വീണ്ടും കേസ് പരിഗണിക്കുന്ന സമയത്ത് വിചാരണയുമായി സംബന്ധിച്ച കാര്യങ്ങള്‍ അറിയാക്കാമെന്നും കോടതി വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ കന്യാസ്ത്രീ പീഡനക്കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ തൊടുപുഴ വിജിലന്‍സിലേക്ക് മാറ്റിയത്. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്ന കോട്ടയം എസ് പി എസ് ഹരിശങ്കറിനും മാറ്റമുണ്ട്.