കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതെന്ന് ജലന്ധര്‍ ബിഷപ്പ്

കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതെന്ന് ജലന്ധര്‍ ബിഷപ്പ്
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തുറന്നടിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍.കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിഷപ്പ് അവകാശപ്പെടുന്നത്. താന്‍ വത്തിക്കാനിലേക്ക് ഒളിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പോലീസ് ഇതുവരെ തന്നെ ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്നും ബിഷപ്പ് പ്രമുഖ ചാനലിനോട് പ്രതികരിച്ചു.
 
തന്‍റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങിയതായി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉറപ്പായ പശ്ചാത്തലത്തില്‍ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു.
 
വിദേശ രാജ്യങ്ങളില്‍ നിരവധി ബന്ധങ്ങളുള്ള ബിഷപ്പ് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്  വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം കത്തയച്ചത്. ഇത് സംബന്ധിച്ച് വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.