നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി  വാഹനങ്ങള്‍ പിടിച്ചെടുക്കും

നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി  വാഹനങ്ങള്‍ പിടിച്ചെടുക്കും

 സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടു. ജനുവരി 15 വരെയാണ് നികുതി അടയ്ക്കാന്‍ സാവകാശം നല്‍കിയിട്ടുള്ളത്.


 നികുതി വെട്ടിക്കാന്‍ വേണ്ടി രണ്ടായിരത്തോളം ആഡംബരവാഹനങ്ങള്‍ വ്യാജരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നേടിയതായി കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിനുള്ളില്‍  1000 വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് അവഗണിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴചുമത്താനും റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.


നികുതി അടയ്ക്കുന്നതിനും രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുന്നതിനും നടപടിക്രമങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്.  പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ, വാഹനത്തിന്റെ വില രേഖപ്പെടുത്തിയ ബില്ലോ നികുതി അടയ്ക്കാനുള്ള രേഖയായി സ്വീകരിക്കും. വാഹനം ഇറങ്ങിയ വര്‍ഷം മുതല്‍ 15 വര്‍ഷത്തേയ്ക്കുള്ള നികുതി അടയ്ക്കണം. വിലയുടെ 20 ശതമാനമാണ് റോഡ് നികുതി. ഇതിനുശേഷം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സംസ്ഥാനത്തേയ്ക്ക് മാറ്റണം. പോണ്ടിച്ചേരി ആര്‍.ടി. ഓഫീസില്‍നിന്നും രജിസ്‌ട്രേഷന്‍ മാറ്റുന്നതിന് നിയമപരമായ തടസ്സമില്ലെന്ന രേഖ അപ്പോള്‍ മാത്രം ഹാജരാക്കിയാല്‍ മതിയാകും.


ശേഷിക്കുന്ന പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കും നികുതി അടയ്ക്കാനുള്ള നോട്ടീസ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകും.
സംസ്ഥാനത്ത് നികുതി അടച്ച് രജിസ്‌ട്രേഷന്‍ മാറ്റാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇത് ലംഘിക്കുകയാണെങ്കില്‍ നികുതിയുടെ നിശ്ചിതശതമാനം പിഴയായി ഈടാക്കും. മൂന്നുമാസത്തേയ്ക്ക് 10 ശതമാനമാണ് പിഴ. വൈകുന്നതനുസരിച്ച് 50 ശതമാനംവരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.