അഴിമതിക്കാരുടെയും  കൊലപാതകികളുടെയും സംരക്ഷകരാണു തങ്ങളെന്ന് ഇടതുസർക്കാർ  തെളിയിച്ചുവെന്ന്  എം.എം.ഹസൻ

അഴിമതിക്കാരുടെയും  കൊലപാതകികളുടെയും സംരക്ഷകരാണു തങ്ങളെന്ന് ഇടതുസർക്കാർ  തെളിയിച്ചുവെന്ന്  എം.എം.ഹസൻ

തിരുവനന്തപുരം: അഴിമതിക്കാരുടെയും കൊലപാതകികളുടെയും സംരക്ഷകരാണു തങ്ങളെന്ന് ഇടതുസർക്കാർ ഒരു വർഷം കൊണ്ടു തെളിയിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. . ഇടമലയാർ കേസിൽ വി.എസ്.അച്യുതാനന്ദൻ കേസ് നടത്തി ജയിലിൽ അടച്ച ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാനാക്കി. അതും വി.എസ്.അച്യുതാനന്ദന്റെ റാങ്കിൽ.  

അഴിമതിക്കാരനെന്നു സിപിഎം മുദ്രകുത്തി മാറ്റിനിർത്തിയ കെ.എം.മാണിയെ വാരിപ്പുണരുന്നു.  സ്ത്രീയോടു ഫോണിൽ ലൈംഗിക സംഭാഷണം നടത്തിയതിന് എ.കെ.ശശീന്ദ്രൻ പുറത്തായി. അഴിമതിക്കേസിൽ ഇ.പി.ജയരാജൻ രാജിവച്ചു.  . ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന സർക്കാർ ഏകാധിപത്യ രീതിയിൽ ജനങ്ങളെയും സമരക്കാരെയും അടിച്ചമർത്തുന്നു. ലോകത്തെ ഏകാധിപതികളെല്ലാം ഗൗരവക്കാരാണ്. അവർ ചിരിക്കാറും കരയാറുമില്ല.

ഏകാധിപതിയായ പിണറായി വിജയന്റെ രീതികളും പെരുമാറ്റവും തികഞ്ഞ ഏകാധിപതിയുടേതാണ്. ഇടതുപക്ഷ ഐക്യമല്ല, ഇടഞ്ഞുനിൽക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളാണു കേരളത്തിൽ ഉള്ളത്. ഈ   സർക്കാർ വന്നശേഷം 21 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ഒരു സ്ഥലത്തും സ്ത്രീകൾക്കു സുരക്ഷയില്ല. കുണ്ടറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച സംഭവത്തിൽ വനിതാമന്ത്രി തന്നെ പ്രതിയുടെ സംരക്ഷകയായി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ അന്വേഷണം വഴിതിരിച്ചുവിട്ടതിനും യഥാർഥപ്രതികളെ കണ്ടെത്താത്തതിനും ഉത്തരവാദി പിണറായിയാണ്. ദലിതരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു.  വിലക്കയറ്റം കൊണ്ടു ജനം പൊറുതിമുട്ടി. ബസിന്റെയും വൈദ്യുതിയുടെയും നിരക്ക് വർധിപ്പിച്ചു. അരി വില പിടിച്ചാൽകിട്ടാത്ത അവസ്ഥയിൽ. നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാർക്കു താങ്ങാനാവുന്നില്ല. സ്വാശ്രയ മെ‍ഡിക്കൽ പിജി കോഴ്സിന്റെ ഫീസ് വൻതോതിൽ വർധിപ്പിച്ചു.   കോൺഗ്രസ് മുക്ത കേരളം സൃഷ്ടിക്കാനാണു പിണറായി അത്യധ്വാനം ചെയ്യുന്നതെന്നും ഹസൻ കുറ്റപ്പെടുത്തി