അനാവശ്യ വിവാദങ്ങളുണ്ടാക്കി കേരള പുനർനിർമ്മാണം അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: എം എം മണി

അനാവശ്യ വിവാദങ്ങളുണ്ടാക്കി കേരള പുനർനിർമ്മാണം അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: എം എം മണി

ഇടുക്കി: സാലറി ചലഞ്ചിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കി കേരള പുനർനിർമ്മാണം അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് വൈദ്യുതി മന്ത്രി എം എം മണി. കേരള പുനർനിർമ്മാണത്തിന് സഹായിക്കാമെന്നു പറയുന്ന പ്രതിപക്ഷ നേതാവും, യു.ഡി.എഫ് നേതാക്കന്മാരും, അവരുടെ വിവിധ സംഘടനകളുടെ നേതാക്കളും ഇക്കാര്യം ഒരു വിവാദമാക്കി എതിർ നിലപാട് സ്വീകരിച്ചുകൊണ്ട് ഫണ്ട്ശേഖരണം പൊളിക്കാനും അതിൽക്കൂടി കേരള പുനർനിർമ്മാണം അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഫണ്ട്ശേഖരണവുമായി എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് മന്ത്രിആവശ്യപ്പെട്ടു.

പ്രകൃതിക്ഷോഭത്തെത്തുടർന്ന് നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുകയും, അനേകം പേർക്ക് പരുക്കേൽക്കുകയും, പതിനായിരക്കണക്കിനു വീടുകൾ തകരുകയും, ധാരാളം പക്ഷി-മൃഗാദികൾക്ക് ജീവഹാനി സംഭവിക്കുകയും, ഏക്കർ കണക്കിന് കൃഷി നശിക്കുകയും, വൈദ്യുതിത്തകർച്ച നേരിടുകയും, റോഡുകളും പാലങ്ങളും തകരുകയും ചെയ്തിരിക്കുകയാണ്. ഈ ദുരന്തത്തെ അതിജീവിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നമുക്ക് സഹായഹസ്തം നീട്ടുകയാണ്. 

യുനെസ്കോയിൽ ‍ നിന്നും, ലോക രാഷ്ട്രങ്ങളിൽ നിന്നും തന്നെ നമുക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ കേരളത്തെ പുനർനിർമ്മിക്കുന്നതിന് ലോകമെമ്പാടുമുള്ള മലയാളികളോടും, സംസ്ഥാനത്തെ മുഴുവൻ ജീവനക്കാരോടും, മറ്റുള്ള വരുമാനക്കാരോടും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്ക,ണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. 

ഇതു സംബന്ധിച്ച് ജീവനക്കാർക്ക് വലിയ പ്രയാസമുണ്ടാകാത്ത രീതിയിൽ സംഭാവന നല്കാൻ കഴിയുംവിധം മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന ഉത്തരവ് സർ‍ക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.