കത്വയിലേയും ഉന്നാവോയിലെയും പ്രതിഷേധത്തെ വർഗ്ഗീയവൽക്കരിക്കാൻ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ഗൂഢനീക്കത്തെ ജാഗ്രതയോടെ ചെറുത്തേ തീരൂ; എം.ബി. രാജേഷ്‌ എം.പി.

കത്വയിലേയും ഉന്നാവോയിലെയും പ്രതിഷേധത്തെ വർഗ്ഗീയവൽക്കരിക്കാൻ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ഗൂഢനീക്കത്തെ ജാഗ്രതയോടെ ചെറുത്തേ തീരൂ; എം.ബി. രാജേഷ്‌ എം.പി.

പാലക്കാട്‌: കത്വയിലേയും ഉന്നാവോയിലെയും ക്രൂരമായ സംഭവളിൽ ഒരു സംഭവത്തെ മാത്രം അടർത്തിമാറ്റി പ്രതിഷേധത്തെ വർഗ്ഗീയവൽക്കരിക്കാൻ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ ഗൂഢമായ നീക്കം നടത്തുന്നത് ജാഗ്രതയോടെ ചെറുത്തേ തീരൂ എന്ന് എം.ബി. രാജേഷ്‌ എം.പി. റേപ്പിസ്റ്റുകളെയും അവരെ ന്യായീകരിക്കുന്നവരേയും മാത്രമാണ് ഇത് സഹായിക്കുക എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെ #MystreetMyprotest എന്ന ഹാഷ്ടാഗിന് കീഴിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിന് ചില ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും പിന്തുണ തേടിയിരുന്നു. അവരുടെ മതനിരപേക്ഷ നിലപാടുകളും ഉദ്ദേശ്യശുദ്ധിയും തിരിച്ചറിഞ്ഞു കൊണ്ട്, ആ അഭ്യർത്ഥന മാനിച്ച്, സുചിന്തിതമായി തന്നെയാണ് അതിന് പിന്തുണ കൊടുത്തത്. മാനവികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന നൂറുകണക്കിന് സ്ത്രീ-പുരുഷൻമാർ കേരളത്തിലെമ്പാടുമെന്നതു പോലെ പാലക്കാട് ജില്ലയിലെ പലയിടങ്ങളിലും ഈ പ്രതിഷേധത്തിൽ പങ്കാളികളായി. 

എന്നാൽ ഇതേസമയം ഇതിൽ പങ്കാളികളാവാത്ത മറ്റൊരു വിഭാഗം പ്രത്യേകമായും സമാന്തരമായും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ജാഥ നടത്തിയത് കാണുകയുണ്ടായി. അതിലെ മുദ്രാവാക്യങ്ങൾ പ്രകോപനപരവും ഇതിന്റെ പേരിൽ സമൂഹത്തിൽ വിഭജനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് സഹായകരവുമായിരുന്നു. തങ്ങളുടെ ബാനർ ഉപയോഗിക്കാതെ മുഖംമറച്ചിരുന്ന് ഇങ്ങനെ പ്രത്യേക പ്രതിഷേധം സംഘടിപ്പിക്കുന്നവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ആ ചതിക്കുഴിയിൽ മതനിരപേക്ഷ-ജനാധിപത്യ വാദികളും മാനവികത ഉയർത്തിപ്പിടിക്കുന്നവരും വീണുപോകരുത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഊരും പേരുമില്ലാതെ ഹർത്താലാഹ്വാനം നടത്തിയത് ഈ ഗൂഢ ശക്തികളാണ് എന്നും എം.ബി. രാജേഷ്‌ പറഞ്ഞു.

റേപ്പിസ്റ്റുകളേയും ന്യായീകരണക്കാരെയും എതിർക്കുന്ന അതേ ശക്തിയിൽ ഈ ഹർത്താലിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ശക്തികളേയും വിട്ടൂവീഴ്ചയില്ലാതെ എതിർക്കണം. ഓർക്കുക, കത്വ-ഉന്നാവ സംഭവങ്ങൾക്കെതിരെ മാനവികതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച പ്രതിഷേധമാണുയരേണ്ടത്. പ്രതിഷേധത്തിന്റെ മറവിൽ വർഗീയ വിഭജനം സൃഷ്ടിക്കുന്ന ശക്തികളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയും ഒറ്റപ്പെടുത്തുകയും വേണമെന്നും എം.ബി. രാജേഷ്‌ എം.പി ആവശ്യപ്പെട്ടു.